നിയമന ഉത്തരവ് ഉദ്ഘാടനം ചൊവ്വാഴ്ച
കൊല്ലം: കശുവണ്ടി വികസന കോർപ്പറേഷൻ ഫാക്ടറികളിൽ പുതുതായി 1000 കട്ടിംഗ് തൊഴിലാളികളെക്കൂടി നിയമിക്കുന്നു. നിയമന ഉത്തരവ് നൽകുന്നതിന്റെ ഉദ്ഘാടനം കോർപ്പറേഷന്റെ കൊട്ടിയം ഫാക്ടറിയിൽ മന്ത്റി ജെ.മേഴ്സിക്കുട്ടിയമ്മ ഒക്‌ടോബർ ഒന്നിന് ഉച്ചയ്ക്ക് 2 മണിയ്ക്ക് നിർവഹിക്കും. കോർപ്പറേഷൻ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നവീകരിച്ച ഒന്നാം നമ്പർ കൊട്ടിയം ഫാക്ടറി സമുച്ചയങ്ങളുടെ സമർപ്പണവും മന്ത്റി നിർവഹിക്കും. ഓണത്തിന് കൂടുതൽ കശുഅണ്ടി പരിപ്പ് വിപണനം നടത്തിയ ഫാക്ടറി ഔട്ട്ലറ്റ്, ഫ്രാഞ്ചൈസികൾക്കുളള അവാർഡ് വിതരണം, ജൈവപച്ചക്കറി കൃഷി വിപുലീകരണം, ഫാക്ടറി തൊഴിലാളികളുടെ മക്കളിൽ ഈ വർഷം എം.ബി.ബി.എസിന് അഡ്മിഷൻ ലഭിച്ച കുട്ടികൾക്കുളള പഠന സഹായ വിതരണം, കോർപ്പറേഷൻ ഫാക്ടറികളിൽ നിന്നും വിടുതൽ ചെയ്ത 1600-ഓളം തൊഴിലാളികളുടെ ഗ്രറ്റുവിറ്റി വിതരണം എന്നിവയും മന്ത്റി നിർവഹിക്കും. എം.നൗഷാദ് എം.എൽ.എ അദ്ധ്യക്ഷനാകുന്ന ചടങ്ങിൽ കോർപ്പറേഷൻ ചെയർമാൻ എസ്.ജയമോഹൻ സ്വാഗതം ആശംസിക്കും.
കോർപ്പറേഷൻ ഫാക്ടറികളുടെ നവീകരണത്തിനായി സർക്കാർ അനുവദിച്ച 12 കോടി രൂപ വിനിയോഗിച്ചുളള നിർമ്മാണ, നവീകരണ പ്രവൃത്തികളാണ് കോർപ്പറേഷൻ ഫാക്ടറികളിൽ നടന്നു വരുന്നത്. ഇതിന്റെ സംസ്ഥാന തല ഉദ്ഘാടനം കോർപ്പറേഷന്റെ പാൽക്കുളങ്ങര ഫാക്ടറിയിൽ മുഖ്യമന്ത്റി പിണറായി വിജയൻ നിർവഹിച്ചിരുന്നു. കേരള പിറവി ദിനമായ നവംബർ ഒന്നിനകം എല്ലാ ഫാക്ടറികളിലെയും നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി സമർപ്പിക്കും.
ഗ്രോബാഗ് നിർമ്മാണ പദ്ധതി
കോർപ്പറേഷൻ ഫാക്ടറികളിൽ നടന്നു വരുന്ന ജൈവ പച്ചക്കറി കൃഷിയുടെ തുടർച്ചയായി ഉപഭോക്താക്കളുടെ ആവശ്യം പരിഗണിച്ച് കോർപ്പറേഷൻ ഗ്രോബാഗ് നിർമ്മാണ പദ്ധതി ആരംഭിക്കുന്നു. അത്യുത്പാദന ശേഷിയുള്ള പച്ചക്കറി തൈകൾ ഗ്രോ ബാഗിലാക്കി വിപണനം നടത്തുന്ന പദ്ധതിയാണിത്. പച്ചക്കറി തോട്ടം ചെയ്യാനുദ്ദേശിക്കുന്നവർക്ക് വീടുകളിൽ ഗ്രോ ബാഗ് സ്ഥാപിച്ച് അതിനാവശ്യമായ ക്രമീകരണങ്ങളും ചെയ്യും. ഗ്രോ ബാഗ് നിർമ്മാണ യൂണിറ്റിന്റെ ഉദ്ഘാടനവും യോഗത്തിൽ മന്ത്റി നിർവഹിക്കും.
ഈ ഗവൺമെന്റ് അധികാരത്തിൽ വന്നതിനു ശേഷം 2011, 2012 വർഷങ്ങളിൽ കോർപ്പറേഷൻ ഫാക്ടറികളിൽ നിന്നും വിടുതൽ ചെയ്ത തൊഴിലാളികൾക്ക് ഗ്രറ്റുവിറ്റി നൽകുന്നതിന് തുക അനുവദിച്ചു നൽകിയിരുന്നു.ഇപ്പോൾ ഇതേ ആവശ്യത്തിലേയ്ക്ക് അനുവദിച്ചു നൽകിയ 16 കോടി രൂപ വിനി യോഗിച്ച് 2002 വർഷക്കാലയളവിൽ കോർപ്പറേഷൻ ഹൈക്കോടതി ഉത്തരവിനെ തുടർന്ന് ഉടമകൾക്ക് വിട്ടു നൽകിയ 4 ഫാക്ടറികളിലെ 2233 തൊഴിലാളികൾക്കും ഗ്രറ്റുവിറ്റി നൽകുന്നതിനുള്ള നടപടികളും സ്വീകരിച്ചു വരുന്നു.