കൊല്ലം:മോഷ്ടിച്ച ബൈക്കിൽ ചുറ്റിസഞ്ചരിച്ച് മണിക്കൂറുകൾക്കിടയിൽ ആറു സ്ത്രീകളുടെ സ്വർണാഭരണങ്ങൾ കവർന്നതും അതിനായി രണ്ടിടത്ത് അക്രമികൾ തോക്ക് ചൂണ്ടിയതും പൊലീസിനെയും നാട്ടുകാരെയും ഒരുപോലെ അമ്പരപ്പിച്ചു. രാവിലെ ഒൻപതു മണിയോടെ തുടക്കമിട്ട കവർച്ചാ പരമ്പര ഉച്ചയോടെയാണ് അവസാനിപ്പിച്ചത്. നഗരം മുഴുവൻ പൊലീസ് തെരച്ചിൽ തുടങ്ങിയതോടെ ബൈക്ക് ഉപേക്ഷിച്ച് മോഷ്ടാക്കൾ അപ്രത്യക്ഷരായി.
1.കുഴിമതിക്കാട് തളവൂർകോണം. രാവിലെ 9ന്
ആറുമുറിക്കട- നെടുമൺകാവ് റോഡിലെ കുഴിമതിക്കാട് പി.എം.എ ജംഗ്ഷനിലെ തളവൂർകോണത്ത് രാവിലെ 9ന് ആദ്യ മോഷണം. നല്ലില പുലിയില സാംരഗ വിലാസത്തിൽ കോമളത്തിന്റെ മാലയാണ് നഷ്ടപ്പെട്ടത്. കഴുത്തിൽ അടിച്ച ശേഷം മാലയിൽ പിടിച്ചെങ്കിലും പതറാതെ കോമളം മാലയിൽ പിടി മുറുക്കി. രണ്ട് പവൻ മാലയുടെ പകുതിയേ മോഷ്‌ടാക്കൾക്ക് ലഭിച്ചുള്ളൂ.
2 മുളവന കട്ടകശേരി . രാവിലെ 9.36
പേരയം നാഥൻ പറമ്പിൽ കിഴക്കതിൽ ബിന്ദുവിന്റെ നാലര പവന്റെ മാലയാണ് നഷ്‌ടപ്പെട്ടത്. പാതവക്കത്ത് നിൽക്കുകയായിരുന്ന ബിന്ദുവിന്റെ മാല പൊട്ടിക്കുന്നത് കണ്ട് സമീപത്തെ യുവാക്കൾ ഓടിയെത്തി. ഇവരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയാണ് മോഷ്‌ടാക്കൾ രക്ഷപ്പെട്ടത്.
3 കൊല്ലം വെസ്റ്റ് പൊലീസ് സ്റ്റേഷന് സമീപം . രാവിലെ 11
പി.ടി.പിള്ള റോഡിൽവച്ച് വാടി സുധി നിവാസിൽ ലൈലയുടെ മാല പൊട്ടിച്ചു. കഴുത്തിന്റെ ഭാഗത്ത് ശക്തമായി അടിച്ച് ഭയപ്പെടുത്തിയ ശേഷമാണ് മാല പൊട്ടിച്ചത്. തീരദേശ പാതയിലൂടെ രക്ഷപ്പെട്ടു.
4. ബീച്ച് റോഡിലെ സൂപ്പർ മാർക്കറ്റിന് സമീപം. ഉച്ചയ്‌ക്ക് 12
ഇലക്ട്രിക്കൽ ഇൻസ്‌പെക്‌ടറേറ്റിലെ പാർട് ടൈം ജീവനക്കാരിയായ തട്ടാമല ശാരദമാ വിലാസിനി ഗ്രന്ഥശാലയ്‌ക്ക് സമീപം കരിയിലശേരി വീട്ടിൽ സുഷമയുടെ (67) രണ്ടേമുക്കാൽ പവൻ മാലയാണ് പൊട്ടിച്ചത്. ബീച്ച് റോഡിലെ സൂപ്പർ മാർക്കറ്റിന് മുന്നിലൂടെ നടന്നു പോവുകയായിരുന്ന ഇവരുടെ കഴുത്തിൽ ശക്തിയായി അടിച്ച ശേഷമാണ് മാല പൊട്ടിച്ചത്.
5. ഫാത്തിമ കോളേജിന് മുൻവശം . ഉച്ചയ്‌ക്ക് 12.15
കോളേജിനു മുന്നിലൂടെ നടന്നുപോയ ഇരവിപുരം വാളത്തുംഗൽ ചിത്രാലയം വീട്ടിൽ അംബികാകുമാരിയുടെ (61) മാല നഷ്‌ടമായി. മൂന്നര പവൻ തൂക്കം വരുന്ന മാലയിൽ അംബികയും പിടിച്ചതിനാൽ പകുതിയേ നഷ്‌ടമായുള്ളൂ.
6 പട്ടത്താനം അംഗൻവാടിക്ക് സമീപം .ഉച്ചയ്‌ക്ക് 12.36
പട്ടത്താനം അംഗൻവാടിയിലെ അദ്ധ്യാപിക ഇരവിപുരം സി.വി.ഹൗസിൽ ചിത്ര ലൗജി അംഗൻവാടിക്ക് മുന്നിൽ നിൽക്കുമ്പോഴാണ് മാല പൊട്ടിച്ചത്. ചിത്രയ്ക്ക് മുന്നിൽ ബൈക്ക് നിറുത്തി പിന്നിലിരുന്നയാൾ ഇറങ്ങി. ചിത്ര ഭയന്ന് പിന്നിലേക്ക് മാറിയപ്പോൾ മതിലിൽ ഇടിച്ച് നിന്നു. തോക്കെടുത്ത് ചൂണ്ടിയശേഷം പിടലിക്ക് അടിച്ചും ബ്ലൗസ് വലിച്ചു കീറിയുമാണ് മാലയിൽ പിടിത്തമിട്ടത്. മൂന്നേകാൽ പവൻ തൂക്കമുണ്ടായിരുന്ന മാലയിൽ ചിത്രയും പിടിച്ചതിനാൽ പകുതിയേ നഷ്‌ടമായുള്ളൂ.
പൊലീസ് പിന്നാലെ പാഞ്ഞു,
ബൈക്ക് കടപ്പാക്കടയിൽ ഉപേക്ഷിച്ചു
തുടർച്ചയായി കവർച്ച നടന്നതോടെ നഗരത്തിലെമ്പാടും പൊലീസ് ഇറങ്ങി. . പട്ടത്താനത്തെ കവർച്ച കഴിഞ്ഞ് ദേശീയപാതയിലേക്ക് കയറിയ മോഷ്‌ടാക്കളെ പൊലീസ് നേരിൽ കാണുകയും ചെയ്തു. മേവറം മുതൽ അയത്തിൽവരെ പിന്തുടർന്നെങ്കിലും പിന്നെ കണ്ണിൽ നിന്ന് മറഞ്ഞു. നഗരം അറിച്ചുപെറുക്കിയ പൊലീസ് ഉച്ചയ്‌ക്ക് ശേഷം കടപ്പാക്കടയിൽ ഉപേക്ഷിച്ച നിലയിൽ പൾസർ ബൈക്ക് കണ്ടെടുത്തു.
കുണ്ടറ റെയിൽവേ സ്റ്റേഷനിൽ
നിന്ന് കവർന്ന ബൈക്ക്
നമ്പർ പരിശോധിച്ചപ്പോൾ ബൈക്ക് കുമ്പളം സ്വദേശിയുടേതാണെന്ന് തിരിച്ചറിഞ്ഞു. ഫോൺ നമ്പരിൽ ബന്ധപ്പെട്ടപ്പോൾ ഉടമസ്ഥൻ കോട്ടയത്ത് നിൽക്കുകയാണ്. വെള്ളിയാഴ്‌ച രാത്രി കുണ്ടറ റെയിൽവെ സ്റ്റേഷനിൽ ബൈക്ക് വച്ച ശേഷം കോട്ടയത്ത് പോയതാണ് അദ്ദേഹം. പൊലീസ് വിളിച്ചപ്പോഴാണ് ബൈക്ക് മോഷണം പോയ വിവരം അറിയുന്നത്. വെള്ളിയാഴ്‌ച രാത്രിയിലോ ഇന്നലെ രാവിലെയോ കുണ്ടറയിൽ നിന്ന് കവർന്നതാകാം ബൈക്കെന്നാണ് കരുതുന്നത്.
മോഷ്ടാക്കളുടെ ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു
നഗരത്തിലെ വിവിധ സി.സി.ടി.വി കാമറകളിൽ നിന്ന് മോഷ്ടാക്കളുടെ ദൃശ്യങ്ങൾ ശേഖരിച്ചു. വിവിധ പൊലീസ് സ്റ്റേഷനുകളിലേക്ക് ഇവരുടെ ദൃശ്യങ്ങൾ കൈമാറിയിട്ടുണ്ട്.