robbery1
മോഷ്ടാക്കളുടേതായി പൊലീസ് പുറത്തുവിട്ട ദൃശ്യം

 മോഷ്ടിച്ച ബൈക്കിൽ പാഞ്ഞ് ആറു സ്ത്രീകളുടെ മാല കവർന്നു

കൊല്ലം:മോഷ്ടിച്ച ബൈക്കിലെത്തിയ രണ്ട് അക്രമികൾ വഴിയാത്രക്കാരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി മാലകൾ കവർന്നു. മണിക്കൂറുകളുടെ ഇടവേളയിൽ ഈ സംഘം നടത്തിയ ആറ് കവർച്ചകളിൽ രണ്ടിടത്താണ് തോക്ക് ചൂണ്ടി മാലപൊട്ടിച്ചത്. ഇതു കളിത്തോക്കാണോ യഥാർത്ഥ തോക്കാണോ എന്ന് നിശ്ചയമില്ല. മാല നഷ്ടപ്പെട്ട സ്ത്രീകളാണ് തോക്ക് ചൂണ്ടിയെന്ന് മൊഴികൊടുത്തത്. ആറു കവർച്ചകളിലായി പതിനൊന്നരയോളം പവൻ നഷ്ടപ്പെട്ടു. ഇത്രയും സ്വർണത്തിന് മൂന്നുലക്ഷത്തിനുമേൽ വില വരും.

രണ്ടാമത്തെ കവർച്ച നടന്ന മുളവന കട്ടകശ്ശേരിയിലും അവസാനത്തെ കവർച്ച നടന്ന പട്ടത്താനത്തുമാണ് തോക്കുചൂണ്ടിയതായി പരാതി ഉയർന്നത്. കട്ടകശ്ശേരിയിൽ വഴിയാത്രക്കാരിക്ക് നാലര പവന്റെ മാലയാണ് നഷ്ടപ്പെട്ടത്. പട്ടത്താനത്ത് തോക്കിൻമുനയിൽ അംഗൻവാടി അദ്ധ്യാപികയുടെ മൂന്നേകാൽ പവന്റെ പകുതിയാണ് നഷ്ടപ്പെട്ടത്. ആറിടത്തും സ്ത്രീകളെ അടിച്ച് പരിക്കേൽപ്പിച്ച ശേഷമാണ് മാല പൊട്ടിച്ചത്.

ഇന്നലെ രാവില 9ന് കുണ്ടറ ആറുമുറിക്കട - നെടുമൺകാവ് റോഡിലെ തളവൂർകോണത്താണ് ആദ്യം മോഷണം. രണ്ടര പവന്റെ മാലയിൽ പിടിവലിയിൽ പകുതിയോളം അക്രമികൾ കൊണ്ടുപോയി. അരമണിക്കൂറിന് ശേഷം മുളവന കട്ടകശേരിയിൽ വഴിയാത്രക്കാരിയുടെ നാലര പവനാണ് പൊട്ടിച്ചെടുത്തത്. സമീപത്തുണ്ടായിരുന്ന യുവാക്കൾ മോഷ്ടാക്കളെ പിടികൂടാൻ ഓടിയെത്തിയപ്പോൾ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയാണ് അകറ്റിയത്. ഒന്നര മണിക്കൂറിന് ശേഷം 15 കിലോമീറ്റർ അകലെ കൊല്ലം നഗരത്തിലാണ് അടുത്ത മോഷണം. ഒരു മണിക്കൂറിന് ശേഷം ബീച്ച് റോഡിലെ സൂപ്പർ മാർക്കറ്റിന് സമീപം വയോധികയുടെ മാല കവർന്നു. നാലാമത്തെ ഈ കവർച്ചയിൽ രണ്ടേമുക്കാൽ പവൻ നഷ്ടപ്പെട്ടു. 15 മിനിട്ട് ഇടവേളകളിൽ നഗര പരിധിക്കുള്ളിലെ ഫാത്തിമ കാേളേജിന് സമീപം കർബലയിൽ അഞ്ചാമത്തെ കവർച്ചയിൽ വീട്ടമ്മയുടെ മൂന്നു പവന്റെ മാലപൊട്ടിച്ചെടുത്തെങ്കിലും പകുതിയോളമേ നഷ്ടപ്പെട്ടുള്ളൂ. പട്ടത്താനത്തായിരുന്നു അവസാനത്തേത്. ഇവിടെ അംഗൻവാടി അദ്ധ്യാപികയെ മതിലോട് ചേർത്ത് തോക്കിൻ മുനയിൽ നിറുത്തിയാണ് മാല പൊട്ടിച്ചത്. മൂന്നേകാൽ പവന്റെ മാല പൊട്ടിച്ചെങ്കിലും പകുതിയോളമേ നഷ്ടപ്പെട്ടുള്ളൂ.

പൊലീസ് അന്വേഷണം തുടങ്ങിയതോടെ കടപ്പാക്കടയിൽ പൾസർ ബൈക്ക് ഉപേക്ഷിച്ച് മോഷ്ടാക്കൾ രക്ഷപ്പെട്ടു. ഇവരുടെ സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിച്ച് പൊലീസ് അന്വേഷണം ശക്തമാക്കി. കുണ്ടറ റെയിൽവേ സ്റ്റേഷനിൽ നിന്ന് കവർന്ന ബൈക്ക് ഉപയോഗിച്ചാണ് മോഷണ യാത്രയെന്ന് അന്വേഷണത്തിൽ ബോധ്യമായി. മോഷ്ടാക്കൾക്കായി അന്വേഷണം വ്യാപകമാക്കിയിട്ടുണ്ട്.