പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
കൊല്ലം: കിഫ്ബി- കെ.എസ്.ഇ.ബി ട്രാൻസ്ഗ്രിഡ് അഴിമതിയിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കൊല്ലം കെ.എസ്.ഇ.ബി ഡെപ്യൂട്ടി ചീഫ് എൻജിനീയർ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. ബാരിക്കേഡ് ഉപയോഗിച്ച് മാർച്ച് തടഞ്ഞപ്പോൾ തള്ളിക്കയറാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. തുടർന്ന് റോഡ് ഉപരോധിച്ച പ്രവർത്തകരെ പാെലീസ് അറസ്റ്റ് ചെയ്‌ത് നീക്കി. അറസ്റ്റ് ചെയ്തവരെ പിന്നീട് വിട്ടയച്ചു.
800 കോടി രൂപയുടെ കരാറിന് 261 കോടി രൂപ അധികമായി കൂട്ടി നൽകിയ സംസ്ഥാന സർക്കാർ വൻഅഴിമതിയാണ് നടത്തിയത്.10 ശതമാനത്തിലധികം ടെൻഡർ എക്‌സസ് അനുവദിക്കുകയാണെങ്കിൽ റീ ടെൻഡർ നടത്തണമെന്ന നടപടിക്രമം പാലിച്ചില്ല. പൊതുപണം വിനിയോഗിച്ചിട്ട് അതിന് സി.എ.ജി പരിശോധന വേണ്ട എന്ന തീരുമാനം ജനാധിപത്യപരമല്ലെന്നും യൂത്ത് കോൺഗ്രസ് ആരോപിച്ചു. നേതാക്കളായ വിഷ്‌ണു സുനിൽ പന്തളം, സാജു ഖാൻ, അനീഷ് പടപ്പക്കര, വിഷ്‌ണു വിജയൻ, യദുകൃഷ്‌ണൻ, അനൂപ് നെടുമ്പന, ഒ.ബി.രാജേഷ് തുടങ്ങിയവർ പ്രസംഗിച്ചു.