കുണ്ടറ: ബസ് യാത്രയ്ക്കിടെ സ്ത്രീയുടെ ബാഗിൽ നിന്ന് പണം മോഷ്ടിച്ച തമിഴ്നാട് സ്വദേശികളെ യാത്രക്കാരും ബസ് ജീവനക്കാരും തടഞ്ഞുവച്ച് പൊലീസിന് കൈമാറി. തൂത്തുക്കുടി അണ്ണാനഗർ 12 പുറമ്പോക്കിൽ താമസക്കാരായ പേച്ചി (35), കാവ്യ (23) എന്നിവരാണ് പിടിയിലായത്.
ഇന്നലെ രാവിലെ 11.40 ഓടെയാണ് സംഭവം. കിഴക്കേകല്ലട നെടിയവിള സ്വദേശിനിയായ യാത്രക്കാരി ചന്ദനത്തോപ്പ് ഐ.ടി.ഐയിലെ പി.ടി.എ മീറ്റിംഗിൽ പങ്കെടുത്തതിന് ശേഷം അവിടെ നിന്ന് പള്ളിമുക്കിൽ ബസിൽ വന്നിറങ്ങി. പള്ളിമുക്കിൽ നിന്ന് ഭരണിക്കാവിലേക്ക് പോകാൻ മറ്റൊരു ബസിൽ കയറി ടിക്കറ്റ് എടുക്കാൻ നേരത്താണ് പക്കലുണ്ടായിരുന്ന 3700 ഓളം രൂപ നഷ്ടപ്പെട്ടതായി അറിഞ്ഞത്. ഉടൻ തന്നെ കണ്ടക്ടറെ വിവരമറിയിച്ചു. തുടർന്ന് ബസ് ജീവനക്കാരും സ്ത്രീയും ചേർന്ന് പള്ളിമുക്ക് ജംഗ്ഷനിൽ ചിലരോട് അന്വേഷിച്ചപ്പോൾ പള്ളിമുക്കിലേക്ക് വന്ന ബസിൽ നിന്നിറങ്ങിയ രണ്ട് നാടോടി സ്ത്രീകൾ ഓട്ടോറിക്ഷയിൽ കയറി പോയതായി മനസിലായി. തുടർന്ന് ബസ് മുക്കട ജംഗ്ഷനിലെത്തിയപ്പോൾ അവിടത്തെ കാത്തിരിപ്പ് കേന്ദ്രത്തിലുണ്ടായിരുന്ന ഇവരെ പിടികൂടുകയായിരുന്നു. നഷ്ടപ്പെട്ട പണം ഇവരിൽ നിന്ന് കണ്ടെത്തുകയും പൊലീസിന് കൈമാറുകയുമായിരുന്നു. പ്രതികൾ കൊല്ലം റെയിൽവേ സ്റ്റേഷൻ പുറമ്പോക്ക് താവളമാക്കി മോഷണം നടത്തിവരികയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.