ചാത്തന്നൂർ: പ്രകൃതിയുടെ അസന്തുലിതാവസ്ഥ മൂലം മയിലുകൾ കാടിറങ്ങി നാട്ടിലേക്കെത്തിയതോടെ വ്യാപകമായി കൃഷി നാശമുണ്ടാകുന്നതായി നാട്ടുകാർ. ചിറക്കര പഞ്ചായത്തിലെ ചിറക്കരത്താഴത്തിനും പോളച്ചിറയ്ക്കും മദ്ധ്യഭാഗത്തായുള്ള കുഴുപ്പിൽ ഏലായിലേക്ക് കൂട്ടത്തോടെ എത്തുന്ന മയിലുകൾ വിളഞ്ഞുപാകമായ നെല്ലുകൾ നശിപ്പിക്കുകയാണ്. പ്രദേശത്ത് വൻ കൃഷി നാശമുണ്ടാകുന്നതിനാൽ കർഷകർ ബുദ്ധിമുട്ടുകയാണ്.
പ്രദേശത്തുള്ള കണ്ടൽക്കാടുകളിൽ മുട്ടയിട്ട് കുഞ്ഞുങ്ങളായി മയിൽക്കൂട്ടങ്ങൾ ഇവിടെ സ്ഥിര താമസമാക്കിയ മട്ടാണ്. അതേസമയം വീടുകളിലെത്തുന്ന മയിലുകൾക്ക് നാട്ടുകാർ ഭക്ഷണ പദാർത്ഥങ്ങൾ നൽകുന്നതിനാൽ മനുഷ്യരുമായി ഇവ നല്ല ഇണക്കത്തിലാണെന്നും പറയുന്നു.
പോളച്ചിറയിലും പരിസരങ്ങളിലും ഒക്ടോബർ - നവംബർ മാസങ്ങളിൽ എത്തിച്ചേരാറുള്ള ദേശാടനക്കിളികളുടെ കൂട്ടത്തിലാണ് നാട്ടുകാരും കർഷകരും മയിലുകളെ കാണുന്നതെങ്കിലും പരിസ്ഥിതി പ്രവർത്തകരും പക്ഷി സ്നേഹികളും ആശങ്കയിലാണ്. പ്രകൃതി ദുരന്തങ്ങളുടെ സൂചനയായാണ് അവർ മയിലുകളുടെ കൂട്ടത്തോടെയുള്ള വരവിനെ വിലയിരുത്തുന്നത്.
വനമേഖലകളുടെ വൻതോതിലുള്ള നശീകരണം മൂലം ജീവജാലങ്ങളുടെയും പക്ഷിമൃഗാദികളുടെയും ആവാസവ്യവസ്ഥയിൽ ഉണ്ടായ മാറ്റങ്ങളാണ് മയിലുകളെ നാട്ടിലേക്ക് ആകർഷിക്കുന്നത്. തീറ്റ സുഗമമായി ലഭിക്കുന്നതിനാലും ചൂട് കുറഞ്ഞ കാലാവസ്‌ഥയുള്ളതിനാലുമാണ് കണ്ടൽക്കാടുകൾ നിറഞ്ഞ പോളച്ചിറ കുഴുപ്പിൽ ഭാഗങ്ങളിൽ മയിലുകൾ കൂട്ടത്തോടെയെത്തുന്നത്.