കരുനാഗപ്പള്ളി: ഭക്തിസാന്ദ്രമായ ചടങ്ങുകളോടെ മാലുമേൽ ഭഗവതി ക്ഷേത്രത്തിൽ ദേവീഭാഗവത നവാഹയജ്ഞത്തിനും നവരാത്രി മഹോത്സവത്തിനും തുടക്കമായി. ക്ഷേത്രം മേൽശാന്തി കൃഷ്ണകുമാർ നമ്പൂതിരി ശ്രീകോവിൽ നിന്നുള്ള ഭദ്രദീപം നവാഹ യജ്ഞശാലയിലേക്ക് പകർന്നതോടു കൂടിയാണ് ചടങ്ങുകൾ ആരംഭിച്ചത്.
ചടയമംഗലം ആശ്രമം മഠാധിപതി ദയാനന്ദസരസ്വതി ആചാര്യനും കണ്ണൻ പോറ്റി യജ്ഞഹോതാവുമാണ്. വിനോദ് തൊടിയൂർ, പ്രദീപ് തെക്കുംഭാഗം, മാമ്പുഴ ജയപ്രകാശ് എന്നിവർ യജ്ഞപൗരാണികരാണ്. കൂടാതെ ക്ഷേത്രത്തിനകത്ത് സജ്ജീകരിച്ചുള്ള വേദിയിൽ വിവിധ കലാകാരൻമ്മാർ അവതരിപ്പിക്കുന്ന നൃത്ത സംഗീത പരിപാടികളും നടക്കും.
കലാപരിപാടികൾ അവതരിപ്പിക്കാൻ ആഗ്രഹം ഉള്ള വ്യക്തികൾ ദേവസ്വം ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. ഭക്തജനങ്ങളുടെ ഏറെ കാലത്തെ ആഗ്രഹമായിരുന്ന നക്ഷത്ര വനസമർപ്പണം നവാഹത്തിനോടനുബന്ധിച്ച് നടക്കുമെന്ന് ദേവസ്വം പ്രസിഡന്റ് അനിൽകുമാർ തോമ്പിയിൽ, സെക്രട്ടറി ഷിബു എസ്.തൊടിയൂർ, ജോയിന്റ് സെക്രട്ടറി മനോജ്.എസ്. മായാലയം, കൺവീനർ എന്നിവർ അറിയിച്ചു.