തകർന്ന റോഡുകളിലൂടെ സഞ്ചരിച്ച് നിത്യരോഗികളായി മാറി ജനങ്ങൾ
കൊല്ലം: മുണ്ടയ്‌ക്കലിലെ ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തെ നിരന്തരം തടസപ്പെടുത്തുകയാണ് നഗരസഭയിലെ ഒരു കൂട്ടം ഉദ്യോഗസ്ഥരും ജനപ്രതിനിധികളും. തലങ്ങും വിലങ്ങും റോഡുകളുള്ള മുണ്ടയ്‌ക്കലിലെ ഒരു റോഡ് പോലും സഞ്ചാരയോഗ്യമല്ലെന്ന് തിരിച്ചറിയുമ്പോഴാണ് ജനങ്ങളെ എത്രത്തോളം വെല്ലുവിളിക്കുകയാണ് ഇവരെന്ന് ബോധ്യമാവുക.
ഇരുചക്ര വാഹനങ്ങളിലും കാറുകളിലും മാത്രമല്ല നടന്ന് പോലും പോകാൻ കഴിയാത്ത സ്ഥിതിയിലാണ് ഇവിടുത്തെ റോഡുകൾ. പൊട്ടിപ്പൊളിഞ്ഞ് തകർന്ന് കിടക്കുന്ന റോഡുകളിലെ കുഴിയിൽ വീണ് എണ്ണമറ്റ വാഹനങ്ങൾക്കാണ് കഴിഞ്ഞ ഒരു മാസത്തിനിടെ മാത്രം തകരാറുണ്ടായത്. ഇതുവഴി സ്ഥിരമായി യാത്ര ചെയ്യുന്നവർ നേരിടുന്ന ശാരീരിക ബുദ്ധിമുട്ടുകളും അനവധിയാണ്. റോഡിൽ വീണ് പരിക്കേൽക്കുന്ന ഇരുചക്രവാഹന യാത്രികരുടെ എണ്ണത്തിലും കുറവില്ല.
ഇത്രയൊക്കെ ആയിട്ടും ഇച്ഛാശക്തിയോടെ റോഡ് നിർമ്മാണം തുടങ്ങാൻ ബന്ധപ്പെട്ടവർ തയ്യാറാകുന്നില്ല എന്നതാണ് ശ്രദ്ധേയം. ടെണ്ടർ വിളിച്ചു, കരാർ നൽകി, ഇന്ന് മഴയാണ് നാളെ പണി തുടങ്ങും എന്നിങ്ങനെ അർഥശൂന്യമായ തൊടുന്യായങ്ങൾ നിരത്തി സാധാരണക്കാരായ ജനങ്ങളെ കബളിപ്പിക്കുകയാണ്.
മറുപടി നൽകാതെ അധികൃതർ
തുമ്പറ മാർക്കറ്റ് - മുണ്ടയ്‌ക്കൽ പാലം റോഡ്, സ്നേഹ ലോഡ്‌ജ് - തുമ്പറ മാർക്കറ്റ് റോഡ്, മിൾട്ടൺ പ്രസ് - ജോസ് ആർട്സ് റോഡ്, മുണ്ടയ്‌ക്കലേക്കുള്ള കമ്മിഷണർ ഓഫീസ് - എച്ച് ആൻഡ് സി റോഡ്, ഡി.സി.സി ഓഫീസ് - ലയൺസ് ക്ലബ് റോഡ് എന്നിവ തകർന്നിട്ട് മാസങ്ങളായി. ഇതിനിടെ കമ്മീഷണർ ഓഫീസ് - എച്ച് ആൻഡ് സി റോഡ് അടുത്തിടെ അറ്റകുറ്റപണി നടത്തിയെങ്കിലും സഞ്ചാര യോഗ്യമല്ല. സഞ്ചാര യോഗ്യമാക്കാൻ കഴിയാത്ത തരത്തിൽ അറ്റകുറ്റപണി നടത്തി ജനങ്ങളുടെ പണം നശിപ്പിക്കുന്നത് എന്തിനെന്ന ചോദ്യത്തിന് ബന്ധപ്പെട്ടവർക്ക് മറുപടിയില്ല.
ഒരു ചെറുമഴ എത്തിയാൽ റോഡെല്ലാം തോടാകും. റോഡിലെ കുഴികളെല്ലാം വെള്ളക്കെട്ടുകളായി മാറും. പിന്നീട് ദിവസങ്ങളോളം ഈ മഴക്കുഴികളിൽ വീണ് പരിക്കേൽക്കാനാണ് ജനങ്ങളുടെ വിധി. മാസങ്ങളായി തുടരുന്ന വഞ്ചന ബന്ധപ്പെട്ടവർ അവസാനിപ്പിക്കണമെന്ന ശക്തമായ ആവശ്യത്തിലാണ് ജനങ്ങൾ.
ലക്ഷങ്ങൾ മുടക്കി റോഡ് പണിയും, പിന്നാലെ വെട്ടിപ്പൊളിക്കും
ലക്ഷങ്ങൾ മുടക്കി പണിയുന്ന റോഡ് മാസങ്ങൾക്കുള്ളിൽ വെട്ടിപൊളിക്കുന്നതും നഗരസഭയുടെ വിനോദങ്ങളിലൊന്നാണ്. തുമ്പറ മാർക്കറ്റ് - സ്നേഹ ലോഡ്‌ജ് റോഡ് നിർമ്മാണം പൂർത്തിയാക്കിയത് കഷ്ടിച്ച് ഒരു വർഷം മുമ്പാണ്. നിർമ്മാണം പൂർത്തീകരിച്ച് രണ്ട് മാസത്തിനുള്ളിൽ റോഡ് പൊളിച്ച് പൈപ്പിടാൻ അടുത്ത സംഘമെത്തി. അമൃത് പദ്ധതിയിലെ പൈപ്പുകളിടാൻ റോഡ് പൊളിക്കണമെന്ന ആവശ്യം കുറെ മാസങ്ങൾ തടഞ്ഞ് നിറുത്തിയെങ്കിലും ഒടുവിൽ വെട്ടിപൊളിച്ചു. ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും ഇടയിൽ ഒരു തരത്തിലുള്ള കൂടിയാലോചനകളും പ്രായോഗിക ചർച്ചകളും നടക്കുന്നില്ലെന്ന ആരോപണം ശരിവെക്കുന്നതാണിത്.
പ്രതിരോധത്തിനൊരുങ്ങി ജനങ്ങൾ
റോഡിലെ വലിയ കുഴികളെങ്കിലും അടച്ച് താത്കാലിക ആശ്വാസം ഉണ്ടാക്കിയില്ലെങ്കിൽ ശക്തമായ ജനകീയ പ്രതിരോധം ഉയർത്തുമെന്ന നിലപാടിലാണ് ജനങ്ങൾ. വിവിധ റസിഡന്റ്സ് അസോസിയേഷനുകളുടെ പങ്കാളിത്തത്തോടെ ഇതിന്റെ പ്രാഥമിക ചർച്ചകൾ നടത്തിയിട്ടുണ്ട്. തങ്ങളെ വെല്ലുവിളിക്കുക മാത്രമല്ല, അപമാനിക്കുക കൂടി ചെയ്യുന്നുവെന്ന വികാരമാണ് നാട്ടുകാർക്കും യാത്രക്കാർക്കും.
മുണ്ടയ്ക്കലെ തകർന്ന റോഡുകൾ
തുമ്പറ മാർക്കറ്റ് - മുണ്ടയ്‌ക്കൽ പാലം റോഡ്
സ്നേഹ ലോഡ്‌ജ് - തുമ്പറ മാർക്കറ്റ് റോഡ്
മിൾട്ടൺ പ്രസ് - ജോസ് ആർട്സ് റോഡ്
മുണ്ടയ്‌ക്കലേക്കുള്ള കമ്മിഷണർ ഓഫീസ് - എച്ച് ആൻഡ് സി റോഡ്
ഡി.സി.സി ഓഫീസ് - ലയൺസ് ക്ലബ് റോഡ്