കൊല്ലം: ചെന്നൈ നഗരത്തിലെ അഡയാർ പുഴ ശുദ്ധീകരിച്ച മാതൃകയിൽ നഗരത്തിലെ പ്രധാന ജലാശയമായ അഷ്ടമുടിക്കായൽ നവീകരിക്കാൻ ആലോചന. അടുത്തിടെ നഗരസഭ സംഘടിപ്പിച്ച അർബൻ ഡിസൈൻ കോൺക്ലേവിലാണ് ഈ ആശയം ഉയർന്നത്.
പദ്ധതിയുടെ വിശദരൂപരേഖ തയ്യാറാക്കാൻ കോൺക്ലേവിന് ചുക്കാൻ പിടിച്ച ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അർബൻ ഡിസൈനേഴ്സ് ഓഫ് ഇന്ത്യയുടെ സംഘാടകരോട് മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മയും നഗരസഭയും ആവശ്യപ്പെട്ടിട്ടുണ്ട്. ഹരിതകേരള മിഷൻ, മലിനീകരണ നിയന്ത്രണ ബോർഡ്, തീരദേശ വികസന കോർപ്പറേഷൻ എന്നിവ സംയുക്തമായി പദ്ധതി നടപ്പാക്കാനാണ് ആലോചന.
ഒന്നാം ഘട്ടം:
അഷ്ടമുടിക്കായലിലേക്ക് ഒഴുകിവരുന്ന മാലിന്യങ്ങളുടെ ഉറവിടങ്ങൾ കണ്ടെത്തി അതാതിടങ്ങളിൽ തന്നെ സംസ്കരണ സംവിധാനങ്ങൾ ഏർപ്പെടുത്തുക.
രണ്ടാം ഘട്ടം:
പിന്നീട് മഴവെള്ളത്തിനൊപ്പവും ഓടകളിലൂടെയും ചെറുജലാശയങ്ങളിലൂടെയും ഒഴുകിവരുന്ന മാലിന്യം കായലിൽ പതിക്കുന്നതിന് മുൻപേ സംസ്കരിക്കുന്നതിനുള്ള സംവിധാനം.
ട്രീറ്റ്മെന്റ് പ്ലാന്റുകൾ സ്ഥാപിക്കുന്നതിനൊപ്പം മാലിന്യം ഒഴുകിവരുന്നത് തടയാൻ കായൽതീരത്ത് കണ്ടൽ ചെടികൾ വച്ചുപിടിപ്പിക്കും.
സംസ്കരണകേന്ദ്രങ്ങൾ:
മാലിന്യം പ്രധാനമായും തളംകെട്ടി നിൽക്കുന്ന കെ.എസ്.ആർ.ടി.സി ഡിപ്പോ പരിസരം, തോപ്പിൽക്കടവ് എന്നിവിടങ്ങളിലാകും സംസ്കരണ സംവിധാനങ്ങൾ ഒരുക്കുക.
പാർക്കുകൾ
കായലിന് ചുറ്റും പാർക്കും സൈക്കിൾ ട്രാക്കും വിനോദസഞ്ചാരികളെ ആകർഷിക്കാനും സ്ഥിരമായി ജനസാന്നിദ്ധ്യം ഉറപ്പുവരുത്താനും ഒന്നിലധികം പാർക്കുകൾ നിർമ്മിക്കാനും ആലോചനയുണ്ട്.
" അഷ്ടമുടിക്കായലിന്റെ തോപ്പിൽക്കടവ്, കെ.എസ്.ആർ.ടി.സി ഡിപ്പോ എന്നീ ഭാഗങ്ങളാണ് കൂടുതലായി മലിനീകരിക്കപ്പെടുന്നത്. ഈ ഭാഗങ്ങളിൽ മാലിന്യം നിക്ഷേപം തടയുന്നതിനുള്ള സംവിധാനങ്ങൾക്കൊപ്പം ബയോ പാർക്കായും മാറിയാൽ അഷ്ടമുടിക്കായലിന്റെ ദുരവസ്ഥയ്ക്ക് വലിയ അളവിൽ മാറ്റം വരും''
മനോജ് കിണി
(ആർക്കിടെക്ട്, ഡിസൈൻ കോൺക്ലേവ് സംഘാടകൻ)