കരുനാഗപ്പള്ളി: മനുഷ്യ മനസ്സുകളിൽ നിന്നും ജാതീയമായ ഉച്ചനീചത്വങ്ങൾ പൂർണ്ണമായും ഒഴിവാക്കിയാൽ മാത്രമേ ശ്രീനാരായണ ദർശനങ്ങളുടെ അന്ത:സത്ത മനസ്സിലാക്കാൻ കഴിയൂവെന്ന് ശ്രീനാരായണ വിശ്വധർമ്മ മഠാധിപതി ശിവബോധാനന്ദ സ്വാമി പറഞ്ഞു.എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയൻ ശ്രീനാരായണ ദർശനങ്ങളുടെ പ്രചാരണത്തിന്റെ ഭാഗമായി ഓച്ചിറ ശ്രീനാരായണ ഗുരുക്ഷേത്രത്തിൽ സംഘടിപ്പിച്ച ശ്രീനാരായണ ധർമ്മ പ്രബോധനത്തിലും ധ്യാനത്തിലും അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ബോധത്തിൽ നിന്നും ഉത്ഭവിക്കുന്നതെല്ലാം അവസാനം ബോധത്തിൽ തന്നെ ചേരും.ശാസ്ത്രീയമായ ഈ തത്വം ലോകത്തിന് സംഭാവന ചെയ്തത് ശ്രീനാരായണ ഗുരുദേവനാണ്. അതുകൊണ്ടാണ് ഗുരുവിന്റെ കൃതികളും ദർശനങ്ങളും വിദേശ രാജ്യങ്ങളിലെ സർവ്വകലാശാലകൾ പാഠ്യവിഷയമാക്കുന്നത്. മനസ്സ് ഏകാഗ്രമാക്കിയുള്ള പ്രാർത്ഥന മനസ്സിനെയും ശരീരത്തെയും ശുദ്ധമാക്കും. മഹാഗുരുക്കൻമാരുടെ ലക്ഷ്യം ലോകനന്മ മാത്രമായിരുന്നു. പാപത്തിന് പരിഹാരം അറിവ് മാത്രമാണ്. മഹാഗുരുവായ ശ്രീനാരായണ ഗുരുവിന്റെ ധർമ്മത്തിൽ അധിഷ്ഠിതമായ ജീവിതം നയിക്കാൻ നാമെല്ലാം തയ്യാറാകണമെന്ന് സ്വാമി ആവശ്യപ്പെട്ടു.
എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയൻ പ്രസിഡന്റ് കെ.സുശീലൻ, സെക്രട്ടറി എ.സോമരാജൻ, വൈസ് പ്രസിഡന്റ് എസ്.ശോഭനൻ, യോഗം ബോർഡ് മെമ്പർ കെ.ജെ.പ്രസേനൻ, യൂണിയൻ കൗൺസിലർമാർ പോഷക സംഘടനാ ഭാരവാഹികൾ, ശാഖാ ഭാരവാഹികൾ തുടങ്ങിയവർ ധർമ്മ പ്രബോധനത്തിന് നേതൃത്വം നൽകി.
ശ്രീനാരായണ ദിവ്യജ്യോതിസ് ദർശനത്തോടെയാണ് ഗുരുക്ഷേത്രത്തിൽ പരിപാടികൾ ആരംഭിച്ചത്. ഇന്നത്തെ പ്രബോധനത്തോടെ മൂന്ന് ദിവസമായി ഗുരുക്ഷേത്രത്തിൽ തുടരുന്ന ശ്രീനാരായണ ധർമ്മ പ്രബോധനവും ധ്യാനവും സമാപിക്കും. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറ് കണക്കിന് ഭക്തരാണ് ഇതിൽ പങ്കെടുക്കുന്നത്.