roa
പുനലൂർ മാർക്കറ്റിന് സമീപത്തെ റെയിൽവേ ലെവൽക്രോസിന് മുന്നിൽ കുടങ്ങി കിടക്കുന്ന വാഹനങ്ങൾ

പുനലൂർ: പുനലൂർ ചൗക്ക റോഡിന് സമീപത്തുകൂടിയുള്ള അടിപ്പാതയുടെ ഭാഗമായുള്ള അപ്രോച്ച് റോഡിന്റെ നിർമ്മാണം ഇഴയുന്നതിനാൽ ഗതാഗതക്കുരുക്ക് തുടരുന്നു.

പുനലൂർ-ചെങ്കോട്ട റെയിൽവേ ഗേജുമാറ്റത്തിന്റെ ഭാഗമായി പുനലൂർ ചൗക്ക റോഡിന് സമീപത്ത് റെയിൽവേ അടിപ്പാത നിർമ്മിച്ചിരുന്നു. ഇതിന്റെ ഭാഗമായുള്ള അപ്രോച്ച് റോഡിന്റെ നിർമ്മാണമാണ് നീളെനീളെയായത്. ഇതുകാരണം വലയുന്നത് കാര്യറ- പുനലൂർ മാർക്കറ്റ് പാതയിലൂടെ സഞ്ചരിക്കുന്നവർ. മൂന്നുവർഷമായി ഈ അവസ്ഥ തുടർന്നിട്ടും നടപടി മാത്രം ഇനിയും അകലെയാണ്.

മാർക്കറ്റ് ജംഗ്ഷന് സമീപത്തെ പഴയ ലെവൽക്രോസ് ഒഴിവാക്കാനായി നാല് വർഷം മുമ്പാണ് റെയിൽവേ അടിപ്പാത നിർമ്മിച്ചത്. എന്നാൽ ഇതിന്റെ അപ്രോച്ച് റോഡ് നിർമ്മാണം ഭൂമി ലഭിക്കാതായതോടെ വൈകുകയായിരുന്നു. റോഡിന്റെ നിർമ്മാണത്തിനും ഇതിന് ആവശ്യമായ ഭൂമി ഏറ്റെടുക്കാനും രണ്ടുവർഷം മുമ്പ് സ്ഥലം എം.എൽ.എ ആയ മന്ത്രി കെ. രാജു മുൻ കൈയെടുത്ത് 3.35 കോടി രൂപ അനുവദിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആറ് മാസം മുമ്പ് ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കി. 14 വ്യാപാരികളെ ഒഴിപ്പിക്കുകയും 12 കുടംബങ്ങളുടെ സ്ഥലം ഏറ്റെടുക്കുകയുമാണ് ചെയ്തത്. ഇതിന് ശേഷമുള്ള നടപടികളാണ് ഇഴയുന്നത്.

റോഡ് വെട്ടി, ടാറിംഗ് ഇല്ല.....

പൊതുമരാമത്ത് വകുപ്പിനാണ് അപ്രോച്ച് റോഡിന്റെ നിർമ്മാണ ചുമതല.

അടിപ്പാതയുമായി ബന്ധിപ്പിക്കുന്ന റോഡ് വെട്ടിയെങ്കിലും ടാറിംഗ് അടക്കമുള്ള ജോലികൾ ഇനിയും ബാക്കിയാണ്. ഇതുകാരണം

ലെവൽ ക്രോസ് വഴിയാണ് ഇപ്പോഴും വാഹനങ്ങൾ കടന്നുപോകുന്നത്. ട്രെയിനുകൾ കടന്നു പോകുമ്പോൾ ലെവൽക്രോസ് അടച്ചിടുന്നതിനാലാണ് ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നത്. ഇത് ടൗണിലേക്ക് നീളുന്നതോടെ ഗതാഗതം പിന്നെയും കുരുങ്ങും. ഇതാണ് വാഹനങ്ങളെയും കാൽനട യാത്രികരേയും ഒരുപോലെ വലയ്ക്കുന്നത്.

അനുവദിച്ചത്: 3.35 കോടി രൂപ

ഒഴിപ്പിച്ചത്: 14 വ്യാപികളെ

ഏറ്റെടുത്തത്: 12 പേരുടെ വസ്തു

ഏറ്റെടുക്കൽ കഴിഞ്ഞിട്ട്: 6മാസം