railway

കൊല്ലം: കൊല്ലം റെയിൽവേ സ്റ്റേഷനിൽ പിറ്റ് ലൈൻ നിർമ്മാണം വേഗത്തിലാക്കാൻ എൻ.കെ.പ്രേമചന്ദ്രൻ എംപി ദക്ഷിണമേഖലാ റെയിൽവേ ജനറൽ മാനേജർ ജോൺ തോമസുമായി നടത്തിയ ചർച്ചയിൽ ധാരണയായി.
മീറ്റർഗേജ് ട്രെയിനുകൾ ഓടിയിരുന്നപ്പോഴത്തെ പിറ്റ് ലൈൻ സംവിധാനം പുനർനിർമ്മിക്കണമെന്ന എൻ.കെ. പ്രേമചന്ദ്രൻ എം.പിയുടെ നിരന്തരമായ ആവശ്യത്തെ തുടർന്നാണ് റെയിൽവേ വിഷയം പരിഗണിച്ചത്. പിറ്റ് ലൈൻ വരുന്നതോടെ കൊല്ലത്ത് നിന്ന് കൂടുതൽ സർവീസുകൾ ആരംഭിക്കാനും അവസാനിപ്പിക്കാനും കഴിയും. ചെങ്കോട്ട, പുനലൂർ എന്നിവിടങ്ങളിൽ യാത്ര അവസാനിപ്പിക്കുന്ന തമിഴ്‌നാട്ടിൽ നിന്നുള്ള തീവണ്ടികൾ പിറ്റ് ലൈൻ വരുന്നതോടെ കൊല്ലത്തേക്ക് ദീർഘിപ്പിക്കും.

എറണാകുളം വേളാങ്കണ്ണി സ്‌പെഷ്യൽ ട്രെയിൻ ആഴ്ചയിൽ രണ്ടു ദിവസം റെഗുലർ ട്രെയിനായി ഓടിക്കാനുള്ള നിർദ്ദേശം റെയിൽവേ ബോർഡ് അംഗീകരിച്ചു. രാവിലെ 8 30 ന് തിരുവനന്തപുരത്ത് എത്തുന്ന നാഗർകോവിൽ തിരുവനന്തപുരം പാസഞ്ചർ കൊല്ലത്തേക്കും പാലരുവി എക്‌സ് പ്രസ് തിരുനെൽവേലിയിൽ നിന്നും മധുരയിലേക്കും ദീർഘിപ്പിക്കും. കൊല്ലം ചെങ്കോട്ട പാതയിലെ വൈദ്യുതീകരണം യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കും. നിലവിൽ ഈ പാതയിലൂടെ കൂടുതൽ ട്രെയിനുകൾ ഓടിക്കാനുള്ള സാങ്കേതിക തടസ്സം ഒരേ സമയം രണ്ട് ഡീസൽ എൻജിനുകൾ വേണമെന്നുള്ളതാണ്. വൈദ്യുതീകരണം പൂർത്തിയായി വൈദ്യുതി എൻജിനുകൾ ഉപയോഗിക്കുന്നതോടെ ഈ പ്രശ്നം പരിഹരിക്കപ്പെടും.
ഗുരുവായൂരിൽ നിന്നും മധുരയിലേക്ക് ഇന്റർസിറ്റി എക്‌സ് പ്രസ് ആരംഭിക്കുന്ന കാര്യം അടുത്ത റെയിൽവേ ടൈം ടേബിൾ കോൺഫറൻസിൽ ദക്ഷിണ റെയിൽവേ ഉന്നയിക്കും. ആലപ്പി-ധൻബാദ് എക്‌സ് പ്രസ് കൊല്ലത്തേക്ക് ദീർഘിപ്പിക്കുന്നത് പരിഗണനയിലുണ്ട്. പാലരുവി എക്‌സ് പ്രസിൽ നാല് സ്ലീപ്പർ കോച്ചുകൾ അനുവദിച്ചിട്ടുണ്ട്. ഒരു തേർഡ് എ.സി കോച്ച് കൂടി അനുവദിക്കുന്നത് പരിഗണനയിലുണ്ട്.

പുനലൂർ, തെന്മല, ആര്യങ്കാവ്, കഴുതുരുട്ടി പ്രദേശങ്ങളിലെ നിയമവിരുദ്ധമായ ഒഴിപ്പിക്കൽ നടപടി നിർത്തിവെയ്ക്കണമെന്ന എം.പിയുടെ ആവശ്യം കണക്കിലെടുത്ത് ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചു ചേർക്കാമെന്ന് ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ഉറപ്പുനൽകി. ചീഫ് ഓപ്പറേറ്റിംഗ് മാനേജർ അനന്തരാമൻ, ശിവകുമാർ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.