ജില്ലയിലെ എല്ലാ പൊലീസ് സ്റ്റേഷനുകളും അന്വേഷണത്തിൽ ഭാഗമാകും
കൊല്ലം: മോഷണ ബൈക്കിലെത്തി ജില്ലയിലെ ആറിടങ്ങളിൽ വഴിയാത്രക്കാരായ സ്ത്രീകളുടെ മാല പൊട്ടിച്ചെടുത്തവരെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. കൊല്ലം എ.സി.പി എ.പ്രതീപ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം ഏകോപിപ്പിക്കുക.
കൊല്ലം പട്ടത്താനത്ത് അംഗൻവാടി അദ്ധ്യാപികയായ ചിത്ര ലൗജിയെ തോക്കിൻ മുനയിൽ നിറുത്തിയാണ് മാല പൊട്ടിച്ചത്. മുളവന കട്ടകശേരിയിൽ പേരയം സ്വദേശി ബിന്ദുവിന്റെ മാല പൊട്ടിച്ചപ്പോൾ ഓടിയെത്തിയ നാട്ടുകാരെ അകറ്റിയതും തോക്ക് ചൂണ്ടിയാണ്. കല്ലെറിയാൻ ശ്രമിച്ച യുവാക്കളുടെ നേരെ തോക്ക് ചൂണ്ടി കല്ല് താഴെയിട്ടില്ലെങ്കിൽ വെടിവെക്കുമെന്നാണ് പറഞ്ഞത്.. കുണ്ടറ ആറുമുറിക്കട - നെടുമൺകാവ് റോഡിലെ തളവൂർകോണം, മുളവന കട്ടകശേരി, കൊല്ലം വെസ്റ്റ് പൊലീസ് സ്റ്റേഷന് സമീപം, ബീച്ച് റോഡിലെ സൂപ്പർ മാർക്കറ്റിന് മുൻപിൽ, കർബല, പട്ടത്താനം എന്നിങ്ങനെ ആറിടങ്ങളിലാണ് ശനിയാഴ്ച രാവിലെ 9 മുതൽ ഉച്ചയ്‌ക്ക് 12.35 വരെ മാല മോഷണം നടത്തിയത്. ആറിടത്ത് നിന്നായി 11.5 പവനോളം സ്വർണ്ണമാണ് കവർന്നത്. നഗരത്തിലെ ഒരിടത്ത് നിന്ന് പൊട്ടിച്ചെടുത്തത് മുക്കുപണ്ടമായിരുന്നു. ബൈക്കിലെത്തി മാല മോഷണം പതിവാണെങ്കിലും ഇന്നലത്തെ സംഭവം അപൂർവങ്ങളിൽ അപൂർവമെന്നാണ് അന്വേഷണ സംഘം വിലയിരുത്തുന്നത്. രണ്ട് പൊലീസ് ജില്ലകളിലായി ആറിടത്ത് മോഷണം നടത്തിയെന്ന് മാത്രമല്ല തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയതും മോഷ്ടാക്കളുടെ പ്രൊഫഷണൽ സ്വഭാവത്തെയാണ് സൂചിപ്പിക്കുന്നത്.
# ജില്ലയുടെ ഭൂമിശാസ്ത്രം കൃത്യമായി അറിയാവുന്നവർ
ജില്ലയുടെ ഓരോ പ്രദേശവും റോഡുകളും ഊടുവഴികളും കൃത്യമായി അറിയാവുന്നവരാണ് മോഷ്ടാക്കളെന്ന് പൊലീസ് കരുതുന്നു. വെസ്റ്റ് പൊലീസ് സ്റ്റേഷന് സമീപത്ത് മോഷണം നടത്തിയ ശേഷം നഗരത്തിലെ പല വഴികളിലൂടെയും ചുറ്റി സഞ്ചരിച്ചാണ് ഇവർ പട്ടത്താനത്ത് എത്തിയത്. പൊലീസ് പിന്തുടരുന്നുവെന്ന് മനസിലാക്കിയപ്പോൾ മേവറം - അയത്തിൽ വഴി കടപ്പാക്കടയിലെത്തിയാണ് ബൈക്ക് ഉപേക്ഷിച്ചത്.
# സ്ഥിരം കുറ്റവാളികൾ അല്ലെന്ന് പ്രാഥമിക സൂചന
പൊലീസ് ശേഖരിച്ച മോഷ്ടാക്കളുടെ സി.സി.ടി.വി ദൃശ്യങ്ങൾ സ്ഥിരം കുറ്റവാളികളുടെ ദൃശ്യങ്ങളുമായി ഒത്തുനോക്കിയെങ്കിലും സൂചനകൾ ഒന്നും ലഭിച്ചിട്ടില്ല. സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും ദൃശ്യങ്ങൾ കൈമാറിയിട്ടുണ്ട്. ഇവരെ കുറിച്ച് വിവരങ്ങൾ ലഭ്യമല്ലെന്നാണ് മോഷ്ടാക്കളെ സ്ഥിരമായി നിരീക്ഷിക്കുന്ന ഉദ്യോഗസ്ഥരും പറയുന്നത്. കുണ്ടറ റെയിൽവേ സ്റ്റേഷനിൽ നിന്ന് മോഷ്ടിച്ച പൾസർ ബൈക്കിലാണ് ഇവർ നാട്ടിലാകെ ഭീതി പടർത്തിയത്.
# മോഷ്ടാക്കളുടെ ദൃശ്യങ്ങൾ വൈറലായി
മോഷ്ടാക്കളായ യുവാക്കളുടെ ദൃശ്യങ്ങൾ ശനിയാഴ്ച വൈകിട്ട് മുതൽ നവമാധ്യമങ്ങളിൽ വൈറലായി. പൊലീസ് പുറത്ത് വിട്ട ദൃശ്യങ്ങൾ വിവിധ ഗ്രൂപ്പുകളിൽ സജീവമായി പ്രചരിക്കുകയാണ്. അന്വേഷണത്തിനും ഇത് സഹായകമാകുന്നുണ്ട്.