കൊല്ലം: ഹൃദയാരോഗ്യ സന്ദേശമുയർത്തി എൻ.എസ് സഹകരണ ആശുപത്രി, കൊല്ലം സിറ്റി പൊലീസ്, വിവിധ സന്നദ്ധസംഘടനകൾ എന്നിവയുടെ നേതൃത്വത്തിൽ നഗരത്തിൽ കൂട്ടയോട്ടം സംഘടിപ്പിച്ചു. വെള്ള ടീ ഷർട്ടും, വെള്ള തൊപ്പിയും ധരിച്ച് ഹൃദയത്തെ പ്രതിനിധാനം ചെയ്യുന്ന ചുവന്ന ബലൂണുമായി രണ്ടായിരത്തോളം പേരാണ് പങ്കെടുത്തത്.
ലോക ഹൃദയദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച കൂട്ടയോട്ടത്തിൽ ജില്ലാ കളക്ടർ ബി. അബ്ദുൾ നാസറും കുടുംബവും, സിറ്റി പൊലീസ് അസി. കമ്മിഷണർ എ. പ്രദീപ് കുമാർ, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എക്സ്. ഏണസ്റ്റ്, എൻ.എസ് ആശുപത്രി പ്രസിഡന്റ് പി. രാജേന്ദ്രൻ, വൈസ് പ്രസിഡന്റ് എ. മാധവൻപിള്ള, ചീഫ് കാർഡിയോളജിസ്റ്റ് ഡോ. റെയ്ച്ചൽ ഡാനിയൽ എന്നിവരും പങ്കെടുത്തു.
പൊലീസ് ഓഫീസർമാർ, സേനാംഗങ്ങൾ, സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾ, കായിക താരങ്ങൾ, എക്സൈസ് സേനാംഗങ്ങൾ, എൻ.സി.സി കേഡറ്റുകൾ, ജില്ലാ സായ് വിദ്യാർത്ഥികൾ, റോളർസ്കേറ്റിംഗ് താരങ്ങൾ, ജില്ലയിലെ വിവിധ കോളേജുകളിലെ എൻ.എസ്.എസ് വോളന്റിയർമാർ, റോട്ടറി ക്ലബ്ബ് കൊല്ലം മെട്രോ ഭാരവാഹികൾ, ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ അംഗങ്ങൾ, ഹായ് ചവറ ഫുട്ബാൾ അസോസിയേഷൻ ഭാരവാഹികൾ, കോളേജ് വിദ്യാർത്ഥികൾ, ആശുപത്രി ജീവനക്കാർ, പൊതുജനങ്ങൾ എന്നിവർ പങ്കാളികളായി.
കൊല്ലം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ നിന്ന് ആരംഭിച്ച കൂട്ടയോട്ടം ജില്ലാ കളക്ടർ ബി. അബ്ദുൾ നാസർ ഉദ്ഘാടനം ചെയ്തു. ചിന്നക്കട, ബീച്ച് റോഡ് വഴി ബീച്ചിൽ സമാപിച്ചു. തുടർന്ന് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് എം. നൗഷാദ് എം.എൽ.എ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ആശുപത്രി പ്രസിഡന്റ് പി. രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ചീഫ് കാർഡിയോളജിസ്റ്റ് ഡോ. റെയ്ച്ചൽ ഡാനിയൽ ഹൃദയാരോഗ്യ സന്ദേശം നൽകി. ആശുപത്രി വൈസ് പ്രസിഡന്റ് എ. മാധവൻപിള്ള, ചന്തു, രാജശേഖരൻ നായർ, സീനിയർ കാർഡിയോളജിസ്റ്റുമാരായ ഡോ. ഷാഹിദ്, ഡോ. ആർ. സുജയ് എന്നിവർ സംസാരിച്ചു. ആശുപത്രി സെക്രട്ടറി ഇൻചാർജ് പി. ഷിബു നന്ദി പറഞ്ഞു.