music

കുന്നത്തൂർ:ചക്കുവള്ളി പരബ്രഹ്മ ക്ഷേത്രത്തിൽ ഇരുപത്തിയെട്ടാം ഓണാഘോഷത്തോടനുബന്ധിച്ച് ഗാനമേള നടത്തുന്നത് വിലക്കി ശൂരനാട് പൊലീസ് ക്ഷേത്ര ഭാരവാഹികൾക്കും ദേവസ്വം ബോർഡിനും നോട്ടീസ് നൽകി. ഇതേതുടർന്ന് ദേവസ്വം സബ് ഗ്രൂപ്പ് ഓഫീസർ ഗാനമേള പാടില്ലെന്ന് കാട്ടി ക്ഷേത്രോപദേശക സമിതി ഭാരവാഹികൾക്ക് കത്ത് കൊടുത്തു.

സംഘർഷ സാദ്ധ്യതയുണ്ടെന്ന സ്‌പെഷ്യൽ ബ്രാഞ്ചിന്റെ റിപ്പോർട്ടിനെ തുടർന്നാണ് പൊലീസ് വിലക്ക്. ശൂരനാട് വടക്ക്, ശൂരനാട് തെക്ക്, പോരുവഴി പഞ്ചായത്തുകൾ സംഗമിക്കുന്ന പ്രധാന ടൗണാണ് ചക്കുവള്ളി. ശൂരനാട് പൊലീസ് സ്റ്റേഷന്റെ നേരെ എതിർ വശത്താണ് പരബ്രഹ്മ ക്ഷേത്രം.

ഇതിനിടെ വേണ്ടത്ര വിലയിരുത്തൽ ഇല്ലാതെയാണ് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയതെന്ന് ആക്ഷേപം ഉയർന്നു. രഹസ്യാന്വേഷണ വിഭാഗം ഡിവൈ.എസ് .പി നേരിട്ട് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. പ്രശ്നത്തിൽ സി.പി.എം അടിയന്തരമായി ഇടപെടുമെന്നും വിശ്വാസികളുടെയും നാട്ടുകാരുടെയും താൽപര്യം സംരക്ഷിക്കുമെന്നും പാർട്ടി ജില്ലാ സെക്രട്ടേറിയറ്റ് അംഗവും ജില്ലാ പഞ്ചായത്ത് അംഗവുമായ എം. ശിവശങ്കരപ്പിള്ള അറിയിച്ചു.