കൊല്ലം: ഇരവിപുരം സി. ഐയെ വെടിവച്ചു കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയശേഷം ഒളിവിൽപ്പോയ ഗുണ്ടാനേതാവ് മംഗൽപാണ്ഡെയും കൂട്ടാളി വാവാച്ചി നിയാസും കീഴടങ്ങി. ശനിയാഴ്ച പാലക്കാട് നോർത്ത് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയ ഇരുവരെയും ഇന്നലെ ഇരവിപുരം പൊലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തുവരികയാണ്.
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ മംഗൽപാണ്ഡെയുടെ പേരിൽ പൊലീസ് കാപ്പ ചുമത്തിയെങ്കിലും സമീപകാലത്ത് കേസുകളില്ലെന്ന സാങ്കേതിക കാരണത്താൽ വിട്ടയച്ചിരുന്നു ഇതിന് പിന്നാലെ മംഗൽപാണ്ഡെയും വാവാച്ചി റിയാസും ചേർന്ന് ഈ മാസം 11ന് മാടൻനടയിൽ സി.പി.എം നേതാവിന്റെ വീടിന് മുന്നിൽ ഉച്ചഭാഷിണി വച്ച് വധഭീഷണി മുഴക്കി. തൊട്ടടുത്ത ദിവസം രാത്രി ഇരുവരും ചേർന്ന് പള്ളിമുക്കിൽ യുവാവിനെ മർദ്ദിച്ച് പണം കവർന്നു. ഈ കേസുകളിൽ പിടികിട്ടാത്തതിനാൽ ഇരവിപുരം പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഇതിന്റെ വൈരാഗ്യത്തിൽ 14ന് രാത്രി ഇരവിപുരം സി.ഐയെ ഫോണിൽ വിളിച്ച് വെടിവെച്ച് കൊല്ലുമെന്ന് മംഗൽപാണ്ഡെ ഭീഷണിമുഴക്കി. ഇതോടെ ഇരുവരെയും പിടികൂടാൻ പൊലീസ് പ്രത്യേക സംഘം രൂപീകരിച്ചു.
ഇതറിഞ്ഞ് ഇരുവരും കന്യാകുമാരിയിലേക്ക് കടന്നു. അവിടെ നിന്നു കോയമ്പത്തൂരിലേക്ക് പോയി. പൊലീസ് പിന്തുടർന്ന് പിടികൂടിയാൽ വെടിവയ്ക്കുമെന്ന് ഭയന്നാണ് പാലക്കാട്ടെത്തി കീഴടങ്ങിയതെന്ന് മംഗൽപാണ്ഡെ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി.
സുരക്ഷാ പ്രശ്നങ്ങൾ ഉള്ളതിനാൽ വാവാച്ചി നിയാസിനെ കിളികൊല്ലൂർ സ്റ്റേഷനിലേക്ക് മാറ്റി. സി.ഐയെ വെടിവച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയെങ്കിലും തന്റെ കൈയിൽ തോക്കില്ലെന്നാണ് മംഗൽപാണ്ഡെ പൊലീസിനോട് പറഞ്ഞത്. വിശദമായ ചോദ്യം ചെയ്യലിന് ശേഷം ഇരുവരെയും ഇന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.