പുനലൂർ: ആര്യങ്കാവ് പഞ്ചായത്തിലെ അമ്പനാട് വെള്ളച്ചാട്ടം സന്ദർശിക്കാൻ എത്തിയ വനിതാ ടൂറിസ്റ്റുകളുടെ കാർ തടഞ്ഞ ശേഷം അക്രമിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ നാല് ജീപ്പ് ഡ്രൈവർമാരെ തെന്മല പൊലീസ്റ്റ് അറസ്റ്റ് ചെയ്തു.
കഴുതുരുട്ടി ടാക്സി സ്റ്റാൻഡിലെ ഡ്രൈവർമാരായ ഇരുളൻകാട് സ്വദേശി രാഹുൽ, ആനച്ചാടി സ്വദേശി മനു, കഴുതുരുട്ടി സ്വദേശികളായ സാജൻ, അജീഷ്‌കുമാർ എന്നിവരാണ് അറസ്റ്റിലായത്. ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.
വനമദ്ധ്യത്തിലെ അമ്പനാട് ഇസ്‌ഫീൽഡ് എസ്റ്റേറ്റ് നമ്പർ രണ്ടിലെ വെള്ളച്ചാട്ടം സന്ദർശിക്കാൻ കഴക്കൂട്ടത്ത് നിന്നെത്തിയ അഞ്ചംഗ സംഘത്തെയും കുട്ടികളെയുമാണ് ഡ്രൈവർമാർ കഴുതുരുട്ടിയിൽ വച്ച് ആക്രമിക്കാൻ ശ്രമിച്ചതെന്ന് പൊലീസ് പറയുന്നു.
കാറിലെത്തിയ വനിതകളോട് തങ്ങളുടെ ജീപ്പിൽ വെള്ളച്ചാട്ടത്തിൽ എത്തിക്കാമെന്ന് ഡ്രൈവർമാർ പറഞ്ഞെങ്കിലും ഇവർ തയാറായില്ല. തുടർന്ന് ടൂറിസ്റ്റുകളുടെ വാഹനം തടയാനും ശ്രമം നടന്നു. വെള്ളച്ചാട്ടത്തിലേക്കുപോയ ടൂറിസ്റ്റുകളെ പിന്തുടർന്നെത്തിയ ഡ്രൈവർമാർ അസഭ്യം പറഞ്ഞതായും ആക്രമിക്കാൻ ശ്രമിച്ചതായും കുളിക്കുന്ന ദൃശ്യങ്ങൾ ഫോണിൽ പകർത്തിയതായും പരാതിയുണ്ട്. തിരികെ മടങ്ങിയ ടൂറിസ്റ്റുകൾ പിന്നീട് ഡി.ജി.പിക്ക് പരാതി നൽകുകയായിരുന്നു.തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നാല് പ്രതികളെയും പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.