പടിഞ്ഞാറേകല്ലട: കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ ദമ്പതികൾക്ക് ഗുരുതരമായി പരിക്കേറ്റു. മൺട്രോത്തുരുത്ത് കിടപ്രം വാർഡിൽ കൊച്ചുപറമ്പേൽ വീട്ടിൽ വിനോദിനും (44) ഭാര്യ വിനീതയ്ക്കുമാണ് (40 )പരിക്കേറ്റത്. ഇവരെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് 5 മണിയോടെ ആയിരുന്നു അപകടം.
കാരാളിമുക്കിൽ നിന്ന് ബൈക്കിൽ വീട്ടിലേക്ക് വരികയായിരുന്നു വിനോദും ഭാര്യയും. ഇവരുടെ വാഹനത്തിൽ പടിഞ്ഞാറേകല്ലട കോതപുരം സ്കൂളിന് സമീപത്തുള്ള റോഡിലെ വളവിൽവച്ച് കാറിടിക്കുകയായിരുന്നു.
അപകടത്തിനു ശേഷം നിർത്താതെ പോയ കാർ നാട്ടുകാർ പിടികൂടി ശാസ്താംകോട്ട പൊലീസിൽ ഏൽപ്പിച്ചു. മാവേലിക്കര ചെട്ടികുളങ്ങര സ്വദേശി ദീപുവും കൂട്ടുകാരുമായിരുന്നു കാറിലുണ്ടായിരുന്നത്. ദീപു വായിരുന്നു കാർ ഓടിച്ചിരുന്നത്. മദ്യലഹരിയിൽ വാഹനമോടിച്ചതിനും അപകടംവരുത്തിയതിനും ഇവർക്കെതിരെ കേസെടുത്തു.