കുണ്ടറ: അകാലത്തിൽ പൊലിഞ്ഞ കുഞ്ഞു ചിത്രകാരൻ ക്ലിന്റിന്റെ ഓർമ്മയ്ക്കായി സംഘടിപ്പിച്ച ചിത്രരചനാ മത്സരത്തിൽ വിജയികളായ കുട്ടി ചിത്രകാരന്മാർക്ക് മൺറോതുരുത്ത് യാത്ര കൗതുകമായി. സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെ ഓൺലൈൻ പ്രമോട്ടർമാരായ ഇൻവീസ് മൾട്ടിമീഡിയയാണ് പരിപാടി നടത്തിയത്. കേരളത്തിലേക്ക് വിദേശ വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിന് അന്താരാഷ്ട്ര തലത്തിൽ നാലിനും 16-നും ഇടയിലുള്ള വിദ്യാർത്ഥികൾക്കായാണ് ചിത്രരചനാമത്സരം നടത്തിയത്. കേരളത്തിന്റെ പ്രകൃതി ഭംഗിയായിരുന്നു പ്രമേയം. ക്ലിന്റ് നാലാം വയസിൽ 16 കാരനെ പരാജയപ്പെടുത്തി സമ്മാനം നേടിയ പ്രതിഭയായിരുന്നു. 133 രാജ്യങ്ങളിൽനിന്ന് 48397 പേർ പങ്കെടുത്ത മത്സരത്തിൽ വിജയികളായ 10 വിദേശവിദ്യാർത്ഥികളും 5 ഭാരതീയരും ഇവരുടെ കുടുംബാംഗങ്ങളുമാണ് സമ്മാനം സ്വീകരിക്കാനായി കേരളത്തിലെത്തിയത്. കുട്ടികൾക്കും രണ്ട് കുടുംബാംഗങ്ങൾക്കും വീതം അഞ്ച് രാത്രികൾ കേരളം കാണാനുള്ള പാക്കേജും 10000 രൂപയും മൊമെന്റോയുമാണ് സമ്മാനം.
കഴിഞ്ഞ ദിവസം കൊച്ചിയിലെ ക്ലിന്റിന്റെ ശവകുടീരത്തിൽ പുഷ്പാർച്ചന നടത്തി ആരംഭിച്ച വിനോദയാത്ര മട്ടാഞ്ചേരി, ഫോർട്ട് കൊച്ചി സന്ദർശനങ്ങൾ പൂർത്തിയാക്കി ഞായറാഴ്ച കൊല്ലത്തെത്തി. തിങ്കളാഴ്ച രാവിലെ തിരുവനന്തപുരത്ത് കഥകളി ആസ്വദിക്കും. വൈകിട്ട് മൂന്നിന് ഹോട്ടൽ അപ്പോളോ ഡിമോറയിൽ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അവാർഡുകൾ വിതരണംചെയ്യും.
ക് |