vs
ശ്രീനാരായണ വേൾഡ് റിസർച്ച് ആൻഡ് പീസ് സെന്റർ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും സമർപ്പിക്കുന്ന നിവേദനത്തിൽ ഒപ്പ് ശേഖരിക്കാൻ സ്വാമി വിദ്യാനന്ദയുടെ നേതൃത്വത്തിലുള്ള സംഘം വി.എസിനെ സന്ദർശിച്ചപ്പോൾ

കൊല്ലം: ശ്രീനാരായണ ഗുരുദേവന് ഭാരതരത്നം നൽകുക, തിരുവനന്തപുരം എയർപോർട്ടിന് ഗുരുവിന്റെ പേരിടുക, പാർലമെന്റ് മന്ദിരത്തിൽ ഗുരുദേവന്റെ പ്രതിമ സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ശ്രീനാരായണ വേൾഡ് റിസർച്ച് ആൻഡ് പീസ് സെന്റർ ഒപ്പ് ശേഖരണം തുടങ്ങി.

സെന്റർ ചെയർമാനും ശിവഗിരി മഠത്തിലെ സന്യാസിയുമായ സ്വാമി വിദ്യാനന്ദയുടെ നേതൃത്വത്തിലുള്ള സംഘം വി.എസ്. അച്യുതാനന്ദന്റെ ഔദ്യോഗിക വസതിയിലെത്തി പ്രധാനമന്ത്രിക്കും പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ ഒപ്പ് വാങ്ങി. സെന്റർ ജനറൽ സെക്രട്ടറി ബിജു ദേവരാജ്, ഡയറക്ടർ സജീവ് നാണു, രാമഭദ്രൻ തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു. കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലർ ജി.കെ. ശശിധരൻ രചിച്ച ശ്രീനാരായണ ഗുരുദേവൻ 'അദ്വൈതത്തെ ശാസ്ത്രമാക്കിയ മഹർഷി'എന്ന പുസ്തകം വി.എസിന് സമ്മാനിച്ചു.