വെള്ളമൊഴുകി പോകുന്ന തോട്ടിൽ മണ്ണിടിച്ചിൽ
പരവൂർ: രണ്ടുദിവസമായി പെയ്യുന്ന മഴയിൽ പൂതക്കുളം ഗ്രാമപഞ്ചായത്തിൽ ഈഴംവിള ആറാം വാർഡിലെ കരീലക്കുളം നിറഞ്ഞുകവിഞ്ഞ് പരിസരത്ത് താമസിക്കുന്ന വീടുകൾക്ക് ചുറ്റിലും വെള്ളക്കെട്ടായി മാറിയിരിക്കുകയാണ്. ഇതോടെ പകർച്ചവ്യാധി പടർന്നുപിടിക്കുമെന്ന ആശങ്കയിലാണ് സമീപവാസികൾ. ഇഴജന്തുക്കളുടെ ശല്യവും പ്രദേശത്ത് രൂക്ഷമായിരിക്കുകയാണ്.
കരീലക്കുളത്തിൽ നിന്ന് നെടുവള്ളി ചാലിലൂടെ ഒഴുകിവരുന്ന വെള്ളം പറണ്ടക്കുളം തോട് വഴി പാണാട്ട് ചിറയിലാണ് എത്തിച്ചേരുന്നത്. പറണ്ടക്കുളം തോടിന്റെ പടിഞ്ഞാറു ഭാഗത്ത് മണ്ണും പാറയും തോട്ടിലേക്ക് ഇടിഞ്ഞുവീണും വശങ്ങൾ കാടുപിടിച്ചതോടെയും വെള്ളത്തിന്റെ സുഗമമായ ഒഴുക്കിന് തടസമായി. ഇതോടെയാണ് കരീലക്കുളം നിറഞ്ഞുകവിയുന്നതെന്നാണ് നാട്ടുകാർ പറയുന്നത്.
തോട്ടിലെ ജലമൊഴുക്ക് സുഗമമാക്കി വെള്ളക്കെട്ടിന് പരിഹാരമുണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ ബന്ധപ്പെട്ട അധികൃതരെ സമീപിച്ചിരിക്കുകകയാണ്.