മോഷ്‌ടാക്കൾ സംസ്ഥാനം വിട്ടുപോയിട്ടില്ലെന്ന് പൊലീസ്
കൊല്ലം: മോഷണ ബൈക്കിലെത്തി ജില്ലയിലെ ആറിടങ്ങളിൽ വഴിയാത്രക്കാരായ സ്ത്രീകളുടെ മാല പൊട്ടിച്ചെടുത്ത കേസിന്റെ അന്വേഷണം ഉത്തരേന്ത്യൻ സംഘങ്ങളിലേക്ക്. മദ്ധ്യപ്രദേശ്, ഉത്തർപ്രദേ്, ബീഹാർ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാകാം മോഷ്‌ടാക്കൾ എന്ന നിഗമനത്തിലാണ് അന്വേഷണം നീങ്ങുന്നത്. ഞായറാഴ്ചക്കുള്ളിൽ പ്രതികളെ പിടിക്കുമെന്നാണ് അന്വേഷണ സംഘം ഉന്നത ഉദ്യോഗസ്ഥർക്ക് നൽകിയ ഉറപ്പ്. പ്രതികൾ കേരളം വിട്ടുപോയിട്ടില്ലെന്ന് പറയുന്ന പൊലീസ് രാവും പകലും അന്വേഷണത്തിലാണ്. റെയിൽവെ സ്റ്റേഷനുകൾ, പ്രധാന പൊതുസ്ഥലങ്ങൾ, ബസ് സ്റ്റോപ്പുകൾ എന്നിവിടങ്ങളിലും സോഷ്യൽ മീഡിയയിലും പ്രതികളുടെ ചിത്രങ്ങളടങ്ങിയ ലുക്ക് ഔട്ട് നോട്ടീസുകൾ പൊലീസ് പ്രചരിപ്പിക്കുകയാണ്.
കുണ്ടറ ആറുമുറിക്കട - നെടുമൺകാവ് റോഡിലെ തളവൂർകോണം, മുളവന കട്ടകശേരി, കൊല്ലം വെസ്റ്റ് പൊലീസ് സ്റ്റേഷന് സമീപം, ബീച്ച് റോഡിലെ സൂപ്പർ മാർക്കറ്റിന് മുൻപിൽ, കർബല, പട്ടത്താനം എന്നിങ്ങനെ ആറിടങ്ങളിലാണ് ശനിയാഴ്ച രാവിലെ 9 മുതൽ ഉച്ചയ്‌ക്ക് 12.35വരെ മാല മോഷണം നടത്തിയത്. ആറിടത്ത് നിന്നായി 11.5 പവനോളം സ്വർണമാണ് കവർന്നത്.
കൃത്യമായ ആസൂത്രണം
മോഷണത്തിന് പിന്നിൽ കൃത്യമായ ആസൂത്രണം നടന്നതായും അന്വേഷണ സംഘം ഉറപ്പിക്കുന്നു. കുണ്ടറ റെയിൽവേ സ്റ്റേഷനിൽ നിന്ന് കവർന്ന ബൈക്കാണ് മോഷണത്തിന് ഉപയോഗിച്ചത്. ബൈക്ക് കവരാൻ പറ്റിയ സ്ഥലം ഉൾപ്പെടെ മുൻകൂട്ടി കണ്ടുവെച്ചു. ജില്ലയിലെ വഴികളെ സംബന്ധിച്ചും മോഷ്ടാക്കൾക്ക് കൃത്യമായ ധാരണ ഉണ്ടായിരുന്നു. കേരളത്തിലെ കവർച്ചാ സംഘമാണെങ്കിൽ തുടർച്ചയായും ക്രൂരമായും മോഷണം നടത്താൻ സാധ്യതയില്ല. അതിനാലാണ് ഉത്തരേന്ത്യൻ സംഘങ്ങളിലേക്ക് അന്വേഷണം നീണ്ടത്. ബൈക്കിന്റെ പിൻ സീറ്റിൽ ഇരുന്നയാൾ പച്ച ഷർട്ടാണ് ധരിച്ചിരുന്നത്. പൊലീസ് പിൻതുടർന്നതിനാൽ കടപ്പാക്കടയിൽ ബൈക്ക് ഉപേക്ഷിച്ച് മോഷ്ടാക്കൾ രക്ഷപ്പെടുന്ന സമയത്ത് സി.സി.ടി.വിയിൽ പതിഞ്ഞ ദൃശ്യമാണ് പൊലീസിന് പിടിവള്ളിയായത്. ജില്ലയിലെ മറ്റേതെങ്കിലും ഭാഗത്തെ സി.സി.ടി.വി കാമറകളിൽ മോഷണത്തിന് മുമ്പ് ഇവരുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.
തോക്കാണെന്നും
അല്ലെന്നും വാദം
ഇവർ ബൈക്ക് മോഷ്ടിച്ചത് അതിന്റെ പൂട്ട് കൈയിൽ കൊണ്ടുനടക്കാവുന്ന ആധുനിക ഡ്രില്ലിംഗ് മെഷീൻ ഉപയോഗിച്ച് തകർത്തശേഷമാണ്. ഒറ്റനോട്ടത്തിൽ ഇത് തോക്കാണെന്നു തോന്നും. അതേ ഡ്രില്ലിംഗ് മെഷീൻ കവർച്ചാ സമയത്ത് ഭീഷണിപ്പെടുത്താൻ ചൂണ്ടിയതാവാമെന്നും ഒരു വാദമുണ്ട്.
നാണക്കേടായെന്ന്
ജില്ലാ പൊലീസ് മേധാവി
ബൈക്കിലെത്തി ആറിടത്ത് മാല കവർന്ന സംഭവം ജില്ലയിലെ പൊലീസിനാകെ നാണക്കേടായെന്ന് ജില്ലാ പൊലീസ് മേധാവി. ഇന്നലെ രാവിലെ നടത്തിയ പതിവ് വയർലസ് ആശയ വിനിമയത്തിലാണ് ഉദ്യോഗസ്ഥരെ കമ്മിഷണർ പി.കെ.മധു വിമർശിച്ചത്. നിരത്തിൽ പൊലീസ് സാന്നിധ്യം ഇല്ലാതിരുന്നതിന്റെ തെളിവാണ് മോഷണമെന്ന് ഓർമ്മിപ്പിച്ച കമ്മിഷണർ പ്രതികളെ പിടിക്കുന്നതിൽ കുറഞ്ഞ് മറ്റൊന്നും മുന്നിലില്ലെന്നും സഹപ്രവർത്തകരോട് പറഞ്ഞു.