shilpi

കൊല്ലം: ജീവൻ തുടിക്കുന്ന ശില്പങ്ങൾക്ക് പിന്നിൽ ഈ അനുഗൃഹീത കലാകാരന്റെ വിരൽസ്പർശമുണ്ട്.കൊല്ലം പോരുവഴി കമ്പലടി ഗോകുലത്തിൽ സുരേഷ് കുമാർ. കേരളത്തിലെ ഏറ്റവും വലിയ എടുപ്പ് കാളയുടെ ശിരസ്സാണ് അദ്ദേഹത്തിന്റെ ഏറ്റവും പുതിയ സൃഷ്ടി. ഒക്ടോബർ എട്ടിന് വിജയദശമി നാളിൽ കോട്ടാത്തല തണ്ണീർപ്പന്തൽ ദേവീക്ഷേത്രത്തിൽ സമർപ്പിക്കുന്ന ഈ ശിരസ്സിന് ഒൻപതര അടിയാണ് ഉയരം. ഇത് റെക്കാഡ് ആണെന്ന് സുരേഷ്‌കുമാർ അവകാശപ്പെടുന്നു. പരമശിവന്റെ വാഹനമായ നന്ദികേശന്റെ ശിരസ്സ് ഒറ്റ തടിയിൽ കൊത്തിയെടുത്തതാണ്. മഹാഭാരതത്തിലെയും രാമായണത്തിലെയും ഏത് കഥാഭാഗവും ആ കൈകൾക്ക് വഴങ്ങും. വിവിധ ക്ഷേത്രങ്ങളിലെ ചുമരുകളിലെ ശില്പങ്ങൾ അതിനു തെളിവാണ്. കൊല്ലം കരിന്തോറ്റുവാ പെരുവേലിക്കര ക്ഷേത്രത്തിലെ തടിയിൽ കൊത്തിയ ഭാഗവതം ഏറെ ശ്രദ്ധേയം. ശ്രീകൃഷ്ണന്റെ ജനനം, ബാലലീലകൾ, ഗജേന്ദ്രമോക്ഷം, ഗോകുല കൃഷ്ണൻ, കാളിയ മർദ്ദനം തുടങ്ങിയ മുഹൂർത്തങ്ങൾ ഇവിടെ തടിയിൽ പുനർജനിച്ചു. പോരുവഴി അമ്പലത്തുഭാഗം തവണ്ണൂർക്കാവ് ഇണ്ടിളയപ്പൻ ഭഗവതി ക്ഷേത്രത്തിലും തഴവ കരിയപ്പിള്ളി ക്ഷേത്രത്തിൽ അഷ്ടലക്ഷ്മി രൂപവും മംഗള ലക്ഷ്മി രൂപവും ഉൾപ്പെടെ വേറിട്ട ശില്പങ്ങൾ ചെയ്തിട്ടുണ്ട്.
രവിവർമ്മ ചിത്രങ്ങൾ, അശോകസ്തംഭം, അനന്തശയനം,ദശാവതാരങ്ങൾ, ദുർഗ്ഗാദേവി രൂപങ്ങൾ, മംഗളലക്ഷ്മി രൂപങ്ങൾ, ഗജലക്ഷ്മി, ഗണേശരൂപം, ശ്രീകൃഷ്ണന്റെ വിവിധ ശില്പങ്ങൾ എന്നിവയും ഇദ്ദേഹത്തിന്റെ കരവിരുതിൽ തെളിഞ്ഞിട്ടുണ്ട്.

ഇപ്പോൾ, പതാരം പുല്ലമ്പള്ളിക്കാവ് ദേവീക്ഷേത്രത്തിലെ നാലമ്പലത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ടുള്ള പണിപ്പുരയിലാണ്. ഭാരത സർക്കാർ ടെക്സ്റ്റൈൽ മന്ത്രാലയത്തിന്റെ കീഴിലുള്ള ഹാൻഡിക്രാഫ്റ്റ് ഡെവലപ്മെന്റ് കമ്മിഷന്റെ അംഗീകാരത്തിനു പുറമേ നിരവധി പുരസ്‌കാരങ്ങൾ തേടിയെത്തിയിട്ടുണ്ട്. ഭാര്യ ഇന്ദുലേഖ. വിദ്യാർത്ഥികളായ സൂര്യ സുരേഷ്, ഗോകുൽ സുരേഷ് എന്നിവർ മക്കളുമാണ്.(സുരേഷ് കുമാറിന്റെ ശില്പങ്ങൾ )