കരുനാഗപ്പള്ളി: ആത്മീയവും ഭൗതികവുമായ ദർശനങ്ങൾ ലോകത്തിന് പകർന്ന് നൽകിയ ശ്രീനാരായണ ഗുരുദേവൻ ലോകത്തിന് മാതൃകയാണെന്ന് ആർ. രാമചന്ദ്രൻ എം.എൽ.എ പറഞ്ഞു. ശ്രീനാരായണ ദർശനങ്ങളുടെ പ്രചരണാർത്ഥം എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയൻ ഓച്ചിറ ശ്രീനാരായണ ഗുരുക്ഷേത്രത്തിൽ സംഘടിപ്പിച്ച ശ്രീനാരായണ ധർമ്മ പ്രബോധനത്തിന്റെയും ധ്യാനത്തിന്റെയും സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദഹം.
ജാതിയുടേയും വർഗീയതയുടേയും പേരിൽ മനുഷ്യർ പരസ്പരം പോരടിക്കുന്ന വർത്തമാന കാലഘട്ടത്തിൽ ഗുരുദേവ ദർശനങ്ങളുടെ പ്രസക്തി ഏറുകയാണ്. ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന ഉദാത്തമായ ഗുരുദേവ ദർശനം ആധുനിക തലമുറ നെഞ്ചിലേറ്റേണ്ട കാലഘട്ടം അതിക്രമിച്ചിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
യജ്ഞാചാര്യൻ സ്വാമി ശിവബോധാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി. യൂണിയൻ പ്രസിഡന്റ് കെ. സുശീലൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി എ. സോമരാജൻ മുഖ്യപ്രഭാഷണം നടത്തി. യോഗം ബോർഡ് മെമ്പർ കെ.ജെ. പ്രസേനൻ, വൈസ് പ്രസിഡന്റ് എസ്. ശോഭനൻ, യൂണിയൻ കൗൺസിലർമാരായ എല്ലയ്യത്ത് ചന്ദ്രൻ, കുന്നേൽ രാജേന്ദ്രൻ, ക്ലാപ്പന ഷിബു, എം. ചന്ദ്രൻ, കള്ളേത്ത് ഗോപി, കളരിക്കൽ സലിംകുമാർ, എം. കമലൻ, വനിതാസംഘം നേതാക്കളായ മണിയമ്മ, മധുകുമാരി, സ്മിത, യൂത്ത് മൂവ്മെന്റ് നേതാക്കളായ ടി.ഡി. ശരത്ചന്ദ്രൻ, നീലികുളം സിബു, ഗുരുക്ഷേത്ര കാര്യദർശി പ്രേമചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.
ശ്രീനാരായണ ഗുരുദേവനെ സങ്കല്പിച്ച് സ്വാമി ശിവബോധാനന്ദയുടെ നേതൃത്വത്തിൽ വിളക്ക് പൂജ നടത്തി. നൂറ് കണക്കിന് വനിതകൾ പങ്കെടുത്തു. ഗുരുദേവൻ മഹാസമാധി വരിച്ചതിനെ അനുസ്മരിക്കുന്ന പ്രഭാഷണത്തോടെയാണ് ധർമ്മ പ്രബോധനവും ധ്യാനവും സമാപിച്ചത്.