പത്തനാപുരം: ഏറത്ത് വടക്ക് ഗവ. യു.പി സ്കൂളിലെ ഹെഡ്മാസ്റ്റർ വൈ. ശാമുവേലിനെ സസ്പെൻഡ് ചെയ്ത നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് രക്ഷിതാക്കളും നാട്ടുകാരും സ്കൂളിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഹെഡ്മാസ്റ്ററെ തിരിച്ചെടുത്തില്ലെങ്കിൽ വിദ്യാർത്ഥികൾക്ക് ടി.സി നൽകണമെന്ന് ആവശ്യപ്പെട്ട് നിരവധി രക്ഷിതാക്കളാണ് സ്കൂളിലെത്തിയത്.
ഉദ്യോഗസ്ഥരുടെ അനാവശ്യ ഇടപെടലുകളും തെറ്റിദ്ധാരണകളുമാണ് സസ്പെൻഷന് പിന്നിലെന്നാണ് ഇവർ പറയുന്നത്. എല്ലാ ഡിവിഷനിലുമായി മുപ്പത് കുട്ടികൾ മാത്രമുണ്ടായിരുന്ന സ്കൂളിൽ ഹെഡ്മാസ്റ്ററായി ശാമുവേൽ ചാർജ്ജെടുത്ത ശേഷം മികച്ച പ്രവർത്തനത്തിലൂടെ മൂന്നൂറിലധികം വിദ്യാർത്ഥികളാണ് പഠിക്കുന്നത്. ഇതിനെ തകർക്കാൻ ചിലർ നടത്തുന്ന പരിശ്രമത്തിന്റെ ഫലമായാണ് നടപടിയെന്നാണ് രക്ഷിതാക്കളുടെ ആരോപണം.
കഴിഞ്ഞ ദിവസം സസ്പെൻഷൻ ഉത്തരവുമായെത്തിയ ഉപജില്ല വിദ്യാഭ്യാസ ഓഫീസറെ ഹെഡ്മാസ്റ്റർ പൂട്ടിയിട്ടെന്ന് പരാതി ഉയർന്നിരുന്നു. അദ്ധ്യാപക ദിനാഘോഷത്തിന്റെ ഭാഗമായി വിദ്യാഭ്യാസ ജില്ലാ ഓഫീസിലേക്ക് ഈ സ്കൂളിലെ അദ്ധ്യാപകന്റെ സേവനം ആവശ്യപ്പെട്ടപ്പോൾ നൽകാൻ വിസമ്മതിച്ചെന്നും വിശദീകരണം തേടിയെത്തിയ അധികൃതരോട് അപമര്യാദയായി പെരുമാറിയെന്നും കാട്ടിയാണ് പ്രഥമാദ്ധ്യാപകനെ സസ്പെൻഡ് ചെയ്തത്. സസ്പൻഷൻ നടപടികൾ പിൻവലിച്ചില്ലങ്കിൽ കക്ഷിരാഷ്ട്രീയ ഭേദമന്യേ ശക്തമായ സമരപരിപാടികൾക്ക് രൂപം നല്കുമെന്നാണ് രക്ഷിതാക്കളും നാട്ടുകാരും പറയുന്നത്.