gandhi-bhavan
ഗാന്ധിഭവനിലെ സ്‌നേഹഗ്രാമം പഞ്ചായത്തിൽ നടന്ന പൊതുതിരഞ്ഞെടുപ്പിൽ വോട്ടിടാനെത്തിയ അന്തേവാസികൾ

പത്തനാപുരം: നിരാലംബരും വയോജനങ്ങളും പാർക്കുന്ന ഗാന്ധിഭവന്റെ നേതൃത്വത്തിൽ അവർക്കായി ഒരു തിരഞ്ഞെടുപ്പ്. സ്‌നേഹഗ്രാമം എന്ന പേരിലുള്ള പഞ്ചായത്തിൽ നടന്ന പൊതുതിരഞ്ഞെടുപ്പിൽ ഒൻപത് വാർഡുകളിലായി നടന്ന വോട്ടെടുപ്പിൽ 94% വോട്ടർമാർ സമ്മതിദാനാവകാശം വിനിയോഗിച്ചു. ഇന്നലെത്തന്നെ വോട്ടെണ്ണലും നടത്തി.

ഗാന്ധിജയന്തി ദിനമായ നാളെ വിജയികൾ സത്യപ്രതിജ്ഞ ചെയ്യും.
അന്തേവാസികളും സേവനപ്രവർത്തകരും ഉൾപ്പെടെ ആയിരത്തി നാനൂറോളം പേരാണ് വോട്ടർമാർ. കിടപ്പുരോഗികളുടെ അടുത്തേക്ക് ബാലറ്റ് പേപ്പറും വോട്ടുപെട്ടിയും എത്തിച്ച് അവരെയും പങ്കാളികളാക്കി.
ചലച്ചിത്ര രംഗത്തെ പ്രശസ്ത ഡബ്ബിങ് ആർട്ടിസ്റ്റും ഇപ്പോൾ ഗാന്ധിഭവൻ അന്തേവാസിയുമായ ചന്ദ്രമോഹന്റെ നേതൃത്വത്തിൽ മത്സരിച്ച ജനകീയമുന്നണിക്കാണ് അധികാരം കിട്ടിയത്. ഒൻപതിൽ ഏഴു സീറ്റും അവർ നേടി. സൗഹൃദമുന്നണി സ്ഥാനാർഥികളായി മത്സരിച്ച വി.സി. സിന്ധുമോളും കൃഷ്ണകുമാറും മാത്രമാണ് ജയിച്ചത്. ഏറ്റവും കൂടുതൽ ഭൂരിപക്ഷം നേടി ജയിച്ചത് ആറാം വാർഡിലെ ഷക്കാനയാണ്.
ഗാന്ധിഭവനിൽ പതിന്നാലു വർഷമായി ഓരോ വർഷവും തെരഞ്ഞെടുക്കപ്പെടുന്ന സ്‌നേഹഗ്രാമം പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിലാണ് ഗാന്ധിഭവനിലെ അച്ചടക്കം, ശുചിത്വം, ഭക്ഷണവിതരണം, കാർഷിക കാര്യങ്ങൾ എന്നിവ നിയന്ത്രിക്കുന്നത്.