തൃപ്രയാർ: പ്രിയകവി കുഞ്ഞുണ്ണി മാഷുടെ പേരിലുള്ള സ്മാരകത്തിന്റെ നിർമ്മാണ പ്രവർത്തനം ഉടൻ പൂർത്തിയാകും. ഈ മാസം 23ന് രാവിലെ മുഖ്യമന്ത്രി പിണറായി വിജയൻ സ്മാരകം ഉദ്ഘാടനം ചെയ്യും. 2016 ജൂൺ 17ന് ഗീതാഗോപി എം.എൽ.എ നൽകിയ വാഗ്ദാനം ഇതോടെ നടപ്പാവും. കഴിഞ്ഞ മാർച്ച് 26 നായിരുന്നു ശിലയിടൽ. സ്മാരകത്തിനായി ബന്ധുക്കൾ വിട്ടുകൊടുത്ത ഭൂമിയുമായി ബന്ധപ്പെട്ടുള്ള നിയമ തടസം ഒഴിവായതോടെ പ്രവൃത്തികൾ വേഗത്തിലായി. മൂന്നര സെന്റ് സ്ഥലത്താണ് നിർമ്മാണം നടന്നത്. 25 ലക്ഷം രൂപയാണ് കവി കുഞ്ഞുണ്ണി സ്മാരകത്തിനായി സർക്കാർ കഴിഞ്ഞ ബഡ്ജറ്റിൽ മാറ്റിവെച്ചത്.

വലപ്പാട് പഞ്ചായത്ത് 13 ലക്ഷം രൂപ നൽകി. കോഴിക്കോടുള്ള നിർമ്മാണ കമ്പനിയാണ് രൂപരേഖ തയ്യാറാക്കിയത്. കെട്ടിടത്തിന്റെ പണി പൂർത്തിയായി. ചുറ്റുമതിൽ നിർമ്മാണവും ലൈബ്രറി ഫർണിഷിംഗും ഉടൻ പൂർത്തീകരിക്കും. സ്മാരകത്തിനു മുമ്പിൽ കുഞ്ഞുണ്ണി മാഷുടെ സ്തൂപം സ്ഥാപിക്കാനും തീരുമാനമായി. ഇതുസംബന്ധിച്ച് വലപ്പാട് പഞ്ചായത്തിൽ ചേർന്ന സ്മാരകസമിതി യോഗത്തിൽ ഗീതാഗോപി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. സ്തൂപം നിർമ്മിക്കുന്നതിന് 4 ലക്ഷം രൂപ പ്രാദേശിക വികസനഫണ്ടിൽ നിന്നും അനുവദിച്ചതായി എം.എൽ.എ പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ തോമസ് മാസ്റ്റർ, ഡോ. എം.ആർ സുഭാഷിണി, വി.ആർ ബാബു, വി.ജി ഹരികുമാർ തുടങ്ങിയവർ സംസാരിച്ചു. അടുത്ത 14ന് സംഘാടകസമിതി രൂപീകരണയോഗം ചേരും.