മാള: പ്രമേഹം, പൊണ്ണത്തടി തുടങ്ങി ജീവിത ശൈലി രോഗങ്ങൾക്ക് പരിഹാരമെന്ന നിലയിൽ കീറ്റോ ഡയറ്റിന് പ്രചാരമേറുന്നു. ധാന്യങ്ങൾ, കിഴങ്ങുവർഗ്ഗങ്ങൾ, പഴങ്ങൾ എന്നീ അന്നജ സമ്പുഷ്ടമായ ഭക്ഷണം ഒഴിവാക്കിയോ അളവ് കുറച്ചോ കൊഴുപ്പിനെ കത്തിച്ച് ശരീരത്തിനുള്ള ഊർജ്ജം കണ്ടെത്തുകയാണ് കീറ്റോ ഡയറ്റിൽ ചെയ്യുന്നത്.
ജീവിതശൈലി രോഗങ്ങൾ ഈ ഭക്ഷണ രീതിയിലൂടെ നിയന്ത്രിക്കാനാകുമെന്ന് അനുഭവസ്ഥർ പറയുന്നു. നമ്മുടെ ഭക്ഷണക്രമത്തിൽ ശരീരത്തിന് അന്നജത്തിൽ നിന്നാണ് ഏറിയ പങ്കും ഊർജ്ജം ലഭിക്കുന്നത്. മാംസ്യത്തിൽ നിന്നും ബാക്കി കൊഴുപ്പിൽ നിന്നുമാണ് ഊർജ്ജം ലഭിക്കുക. അന്നജങ്ങളിൽ നിന്ന് ലഭിക്കുന്ന ഗ്ലൂക്കോസാണ് ശാരീരിക പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നത്. എന്നാൽ കീറ്റോ ഡയറ്റിൽ അന്നജങ്ങൾ തീരെ കുറഞ്ഞ ഭക്ഷണമാണ് കഴിക്കുക. വെണ്ണ, നെയ്യ്, ഒലീവ് ഓയിൽ, വെളിച്ചെണ്ണ, മാംസം, മത്സ്യം, മുട്ട, അണ്ടിപരിപ്പ്, പച്ചക്കറികൾ എന്നിവയാണ് അന്നജം കുറഞ്ഞ ഭക്ഷണങ്ങൾ.
അന്നജം ഒഴിവാക്കുമ്പോൾ കരൾ കൊഴുപ്പിൽ നിന്ന് കീറ്റോണുകളെ ഉത്പാദിപ്പിക്കുന്നു. ഈ കീറ്റോണുകളെ ഗ്ലൂക്കോസിന് പകരം ശരീരം ഊർജ്ജമായി ഉപയോഗിക്കും. ഗ്ലൂക്കോസിനേക്കാൾ ഉത്തമമായ ഇന്ധനമാണ് കീറ്റോണെന്ന് ഈ രംഗത്തുള്ളവർ സാക്ഷ്യപ്പെടുത്തുന്നതെന്ന് പുത്തൻചിറ സ്വദേശി യൂസഫ് പറഞ്ഞു. കീറ്റോ ഡയറ്റിൽ അന്നജം കുറവും കൊഴുപ്പ് കൂടുതലുമാണെന്നതിനാൽ ഈ രീതി ലോ കാർബ് ഹൈ ഫാറ്റ് എന്നാണ് അറിയപ്പെടുന്നത്. ഈ ഭക്ഷണ രീതിയിലൂടെ ശരീരത്തിൽ അടിഞ്ഞുകൂടുന്ന ദുർമേദസ് ഇല്ലാതായി പ്രമേഹ രോഗം സുഖപ്പെടും. കൂടാതെ രക്തക്കുഴലിലെ തടസം നീങ്ങും. കഠിനമായ വ്യായാമങ്ങളൊന്നും ഇല്ലാതെ ശരീരഭാരവും കുറയ്ക്കാനാകും.
ഒഴിവാക്കേണ്ടത് ഇവ
അരി, ഗോതമ്പ്, റാഗി, ഓട്‌സ് തുടങ്ങിയ ധാന്യങ്ങൾ
കപ്പ, ഉരുളക്കിഴങ്ങ്, മധുരക്കിഴങ്ങ്, ബീറ്റ്‌റൂട്ട് എന്നീ കിഴങ്ങുവർഗങ്ങൾ
മധുരമുള്ള പഴങ്ങളും പഞ്ചസാര, കടല, പയർ വർഗങ്ങൾ
ചാക്രിക കീറ്റോ ഡയറ്റ് അഭികാമ്യം
ചാക്രിക കീറ്റോ ഡയറ്റാണ് അഭികാമ്യമെന്നാണ് വിദഗ്ദ്ധർ പറയുന്നത്. അന്നജം ശരീരത്തിലെത്താതിരുന്നാൽ ഉണ്ടാകാവുന്ന ഉദരരോഗങ്ങളെ ഈ രീതി ചെറുക്കും. ആഴ്ചയിൽ അഞ്ച് ദിവസം കീറ്റോ ഡയറ്റും ബാക്കി ദിവസം നിയന്ത്രിത അളവിൽ അന്നജം ഉപയോഗിക്കലുമാണ് ഈ രീതി.
ഗുണങ്ങൾ ഇവ
ഭാരം പെട്ടെന്ന് കുറയ്ക്കാം.
ശരീരത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കാം
ആരോഗ്യം സംരക്ഷിക്കാം.
ദോഷം
നാരടങ്ങിയ ഭക്ഷണം ഇല്ലാത്തതിനാൽ ആവശ്യമായ പോഷകം ലഭിക്കില്ല
ദഹനസംബന്ധമായ പ്രവർത്തനങ്ങളിൽ തടസം
മടുപ്പ് തോന്നുന്ന ഭക്ഷണ രീതി
ശരീരത്തിന് ഊർജ്ജം ലഭിക്കുന്നത്
സാധാരണ ഭക്ഷണ ക്രമം
50-60 ശതമാനം അന്നജം
15-25 ശതമാനം മാംസ്യം
ബാക്കി കൊഴുപ്പിൽ നിന്ന്
കീറ്റോ ഡയറ്റിൽ
10 ശതമാനം ഊർജ്ജം അന്നജം
ഭൂരിഭാഗവും കൊഴുപ്പ്....