തൃശൂർ : ഉദ്യോഗസ്ഥർ ജില്ല വിടരുതെന്ന താക്കീതുമായി കളക്ടർ തന്നെ രംഗത്തെത്തിയതോടെ കുതിരാനിലെ കുഴിയടക്കൽ തുടങ്ങി. കുഴികൾ അടയ്ക്കാതെ എൻ.എച്ച്.എ ഉദ്യോഗസ്ഥർ ജില്ല വിടരുത് എന്ന കളക്ടറുടെ കർശന നിർദ്ദേശത്തിന്റെ പശ്ചാത്തലത്തിലാണ് കുഴിയടക്കാനുള്ള നിർമാണ പ്രവർത്തനങ്ങൾ ഇന്നലെ രാവിലെ മുതൽ ആരംഭിച്ചത്. കോൾഡ് മിക്‌സും ക്വിക് സിമന്റും ഉപയോഗിച്ച് അതിവേഗം കുതിരാൻ പാത ഗതാഗത യോഗ്യമാക്കുന്നതിനാണ് ശ്രമിക്കുന്നതെന്ന് ജില്ലാ കളക്ടർ എസ്. ഷാനവാസ് അറിയിച്ചു.

പാത അറ്റകുറ്റപ്പണികളുടെ പുരോഗതി വിലയിരുത്താനായി കളക്ടർ, ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർക്കൊപ്പം സ്ഥലം സന്ദർശിച്ചു. ദേശീയപാത അതോറിറ്റി റീജ്യണൽ ഓഫീസർ ആശിഷ് ദ്വിവേദി, പ്രൊജക്ട് ഡയറക്ടർ സുരേഷ് എന്നിവരുമായി കളക്ടർ നിർമ്മാണ പുരോഗതി ചർച്ച ചെയ്തു. യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തനം നടത്തുന്നതിന് ആവശ്യമായ തൊഴിലാളികളെ നിയോഗിച്ചിട്ടുണ്ടെന്ന് കരാർ കമ്പനിക്കാരായ കെ.എം.സി ഉദ്യോഗസ്ഥർ കളക്ടറെ അറിയിച്ചു. ആഴമുള്ള കുഴികളുണ്ടെങ്കിൽ ക്വാറി വേസ്റ്റ് ഇട്ട ശേഷം കോൾഡ് മിക്‌സ്ചർ ഉപയോഗിക്കണമെന്ന കർശന നിർദ്ദേശം ദേശീയ പാത അധികൃതരുടെ സാന്നിദ്ധ്യത്തിൽ കരാർ കമ്പനിക്ക് നൽകിയിരുന്നു. അതേ സമയം കളക്ടറുടെയും മന്ത്രിയുടെയും വാക്കുകൾ തള്ളി ക്വാറി വേസ്റ്റിട്ടാണ് കുഴികളടക്കുന്നതെന്ന ആരോപണം ഉയർന്നു. ഇന്നലെ രാവിലെ മുതൽ നിർമ്മാണം ആരംഭിച്ചപ്പോഴാണ് നാട്ടുകാർ ഇതിനെതിരെ രംഗത്ത് വന്നത്. എന്നാൽ പ്രവൃത്തികൾക്ക് ഉപയോഗിക്കുന്ന സാധനങ്ങൾ കളക്ടർ സ്ഥലത്തെത്തി പരിശോധിച്ചു. തുരങ്കം തുറക്കാൻ ഏറെ നിയമ പ്രശ്‌നങ്ങൾ നിലനിൽക്കെ കുരുക്കഴിക്കാൻ റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കുക മാത്രമാണ് ഏക പോംവഴി. കഴിഞ്ഞ ദിവസം മന്ത്രി സുധാകരൻ തുരങ്ക പാത തുറന്നു കൊടുക്കുമെന്ന് അറിയിച്ചിരുന്നു.

വില്ലനായി മഴ

ദേശീയ പാതയിലെ കുഴിയടക്കൽ ആരംഭിച്ചെങ്കിലും ഇടയ്ക്കിടെ പെയ്യുന്ന ശക്തമായ മഴ പ്രവർത്തനത്തെ തടസപ്പെടുത്തുന്നുണ്ട്. അടുത്ത ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് മുന്നറിയിപ്പും ആശങ്ക ഉയർത്തുന്നുണ്ട്. രണ്ട് ദിവസത്തിനുള്ളിൽ കുഴിയടച്ച് ടാറിംഗ് നടത്താൻ കഴിയുമെന്ന് കരാറുകാർ പറഞ്ഞു. 15 കിലോമീറ്റർ ദൂരത്തിൽ വിവിധ സ്ഥലങ്ങളിലാണ് ഭീമൻ ഗർത്തങ്ങൾ രൂപപ്പെട്ടിരിക്കുന്നത്. കുഴികൾ അടച്ച ശേഷം റോളർ ഓടിച്ച് ഉറപ്പിക്കുന്ന പ്രവർത്തനമാണ് ഇപ്പോൾ നടക്കുന്നത്.

അറ്റകുറ്റ പണികൾക്ക് ചെലവ് രണ്ടരക്കോടി

ഇതിനിടെ നിർമ്മാണ പ്രവർത്തനത്തിന് ആവശ്യമായ തുക അനുവദിക്കുന്നതുമായി ബന്ധപ്പെട്ട അനിശ്ചിതത്വം തുടരുകയാണ്. ബി.ഒ.ടി വ്യവസ്ഥയായതിനാൽ കരാർ കമ്പനി തന്നെ ചെലവ് വഹിക്കണമെന്നാണ് ദേശീയപാത അധികൃതരുടെ നിലപാട്. എന്നാൽ ഗതാഗത തടസമുണ്ടാകുന്ന വിധത്തിൽ പ്രശ്‌നങ്ങളുണ്ടായാൽ അധികൃതർക്ക് അഞ്ച് കോടി രൂപ വരെ അനുവദിക്കാമെങ്കിലും അതിന് തയ്യാറായിട്ടില്ല.