തൃശൂർ: അലാറം മുഴക്കി സ്ഥിരമായി ഒരേ സമയത്ത് ചീറിപ്പായുന്ന ആംബുലൻസ് മോട്ടോർ വാഹന വകുപ്പ് പിടികൂടി. തൃശൂരിലെ ഒരു സ്വാശ്രയ മെഡിക്കൽ കോളേജിൽ നിന്ന് അവരുടെ നഴ്‌സിംഗ് കോളേജിലേക്ക് വിദ്യാർത്ഥികളെ എത്തിക്കാനാണ് അലാറം മുഴക്കി ആംബുലൻസ് ചീറിപ്പാഞ്ഞിരുന്നത്. എല്ലാ ദിവസവും വൈകീട്ട് 4.50ന് ആംബുലൻസ് പോകുന്നുണ്ടെന്ന വിവരം ലഭിച്ചതോടെയാണ് മോട്ടോർ വാഹന വകുപ്പ് പരിശോധനയ്‌ക്കെത്തിയത്. പതിവു പോലെ അലാറം മുഴക്കി ആംബുലൻസ് പാഞ്ഞു. നിന്നതാവട്ടെ നഴ്‌സിംഗ് കോളേജ് കവാടത്തിലും. ആംബുലൻസിൽ നിന്ന് പുറത്തിറങ്ങിയത് വിദ്യാർത്ഥികളും. സംഭവത്തിൽ മോട്ടോർ വാഹന വകുപ്പ് കേസെടുക്കുകയും, പിഴ ചുമത്തുകയും ചെയ്തു. ജീവകാരുണ്യ സ്ഥാപനത്തിന്റെ പേരിലുള്ള വാഹനം എന്നതിലൂടെ റോഡ് നികുതിയിൽ ഇളവും ഇവർ നേടി. എന്നാൽ, ഇതുവരെ ഈ ആംബുലൻസ് അത്യാഹിതങ്ങൾക്കായി ഉപയോഗിച്ചിട്ടില്ലെന്നും തെളിഞ്ഞു. വിദ്യാർത്ഥികളെ കൊണ്ടുവരാനും കൊണ്ടുപോകാനുമാണ് ഇത് ഉപയോഗിക്കുന്നത്.