chikilsa-sahayam
സൈക്കിൾ വാങ്ങാനായി സ്വരൂപിച്ച പണം സഹപാഠിയുടെ ചികിത്സയ്ക്കായി ഋതുൽ പ്രധാനദ്ധ്യാപകൻ പി.ബി.കൃഷ്ണകുമാറിന് കൈമാറുന്നു

കയ്പ്പമംഗലം: സൈക്കിൾ വാങ്ങാനായി സ്വരൂപിച്ച പണം സഹപാഠിയുടെ ചികിത്സക്ക് കൈമാറി വിദ്യാർത്ഥി മാതൃകയായി. ചെന്ത്രാപ്പിന്നി ഹയർ സെക്കൻ‌ഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ഋതുൽ ആണ് തന്റെ തന്നെ ക്ലാസിൽ പഠിക്കുന്ന ദിനജിന് ചികിത്സാ സഹായം നൽകിയത്.

വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ് ദിനജ്. ചികിത്സക്കായി വിദ്യാർത്ഥികളും അദ്ധ്യാപകരും ധനസമാഹരണം നടത്തുന്നതറിഞ്ഞ ഋതുൽ സൈക്കിൾ വാങ്ങുന്നതിനായി സ്വരുക്കൂട്ടി വച്ചിരുന്ന തുക പ്രധാനദ്ധ്യാപകൻ പി.ബി. കൃഷ്ണകുമാറിന് കൈമാറുകയായിരുന്നു. പി.ടി.എ പ്രസിഡന്റ് അഡ്വ.വി.കെ ജ്യോതിപ്രകാശ്, ക്ലാസ് ടീച്ചർ വി.എസ്. ഷഫ്‌ന, ടി.വി. സജീവ് മാസ്റ്റർ എന്നിവർ സന്നിഹിതരായി.