തൃശൂർ : ഓണാഘോഷത്തിന് പ്ലാസ്റ്റിക് പരമാവധി ഒഴിവാക്കണമെന്ന് മന്ത്രി എ.സി മൊയ്തീൻ. സിവിൽ സപ്ലൈസ് കോർപറേഷൻ ശക്തൻ നഗർ മൈതാനിയിലെ കൊക്കാല ഗ്രൗണ്ടിൽ ആരംഭിച്ച ജില്ലാ ഓണം ഫെയർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കടകളിൽ വരുമ്പോൾ തുണി സഞ്ചി കൊണ്ടുവരികയോ കടയിൽ തുണി സഞ്ചി കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുകയോ വേണമെന്ന് മന്ത്രി നിർദേശിച്ചു. കേരളത്തിന്റെ ഏറ്റവും വലിയ സാമൂഹിക പ്രശ്‌നമായി പ്ലാസ്റ്റിക് മാലിന്യം മാറുകയാണ്. ഓണത്തിന് മുമ്പായി സംസ്ഥാനത്ത് ഏകദേശം 51 ലക്ഷം പേർക്കുള്ള ക്ഷേമ പെൻഷനായി ഏഴായിരം കോടിയോളം രൂപ ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്കോ, നേരിട്ടോ വിതരണം ചെയ്യാൻ നടപടി തുടങ്ങിയതായി മന്ത്രി പറഞ്ഞു. മേയർ അജിത വിജയൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് ആദ്യവിൽപന നിർവഹിച്ചു. ജില്ലാ കളക്ടർ എസ്. ഷാനവാസ് സപ്ലൈകോ സോവനീർ പ്രകാശനം ചെയ്തു. ഗുരുവായൂർ ദേവസ്വം ബോർഡ് അംഗം എം. വിജയൻ, ജില്ലാ സപ്ലൈ ഓഫീസർ എം.വി. ശിവകാമി അമ്മാൾ, പി.കെ. ഷാജൻ, എം.ജി. നാരായണൻ, ടി.കെ. ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. സപ്ലൈകോ ഡിപ്പോ മാനേജർ പി.ആർ. ജയചന്ദ്രൻ സ്വാഗതവും ജൂനിയർ മാനേജർ വി.യു. മധുസൂദനൻ നന്ദിയും പറഞ്ഞു.