കൊടകര: കുഞ്ഞാലിപ്പാറയിൽ ക്രഷർ പ്രവർത്തിക്കുന്നതിനാൽ റെയിൻബോ നഗറിലൂടെ ഒഴുകുന്ന തോടിലെ വെള്ളം മലിനമായെന്നും ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്നുവെന്നും മൂന്നുമുറി റെയിൻബോ റസിഡന്റ്സ് അസോസിയേഷന്റെ പരാതി. പാറമടയും ക്രഷറും അടച്ചു പൂട്ടണമെന്ന് ആവശ്യപ്പെട്ട് കുഞ്ഞാലിപ്പാറ സംരക്ഷണ സമിതിയും ജനകീയ കുട്ടായ്മയും നടത്തുന്ന സമരത്തിന് പൂർണ പിൻതുണ നൽകുവാനും റസിന്റ്സ് അസോസിയേഷൻ തീരുമാനിച്ചു.

കമ്പനി പ്രവർത്തിക്കുന്നതിനാൽ മലിന വെള്ളം പാടശേഖരങ്ങളിലെത്തി നെൽക്കൃഷിയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഇതുമൂലം വിളനഷ്ടം സംഭവിക്കുന്നു. നെൽക്കൃഷി ഇല്ലാതായതോടെ മേഖലയിൽ വേനൽക്കാലത്ത് കുടിവെള്ള ക്ഷാമം രൂക്ഷമാണ്. കൂടാതെ തൊഴിലാളികൾക്ക് ആരോഗ്യ പ്രശ്‌നവും ഉണ്ടാകുന്നുണ്ട്.

കാരണങ്ങൾ ചൂണ്ടിക്കാട്ടി കൃഷി വകുപ്പിനും ആരോഗ്യ വകുപ്പിനും പരാതി കൊടുക്കാനും യോഗം തീരുമാനിച്ചു. ശശി തിരുകുളം അദ്ധ്യക്ഷനായി. സി.ആർ. രാജൻ, വേണു ചൈതന്യം, ഷിമിറ്റ് ജോസ്, ദേവസിക്കുട്ടി ഗജ, ഷൈജ രഘു, സന്തോഷ് ഉള്ളാട്ടി പറമ്പൻ എന്നിവർ സംസാരിച്ചു.