പാലിയേക്കര: ദേശീയപാത പാലിയേക്കര ടോൾ പ്ലാസയിൽ പരിസരവാസികൾക്ക് നൽകിവന്നിരുന്ന സൗജന്യ പാസ് പുതുക്കി നൽകാത്തതിൽ പ്രതിഷേധിച്ച് വാട്ട്‌സ്അപ് കൂട്ടായ്മയുടെ നേതൃത്വത്തിൽ പ്രതിഷേധം. ടോൾ പ്ലാസയ്ക്ക് പത്ത് കിലോമീറ്റർ ചുറ്റളവിലെ താമസക്കാർക്കാണ് സൗജന്യ പാസ് നൽകിയിരുന്നത്.
പരിസരവാസികൾ പുതുതായി വാങ്ങുന്ന വാഹനങ്ങൾക്ക് സൗജന്യ പാസ് നൽകാത്തതിലും.കാലാവധി തീർന്ന സൗജന്യ പാസുകൾ പുതുക്കി നൽകാത്തതിലും പ്രതിഷേധിച്ചായിരുന്നു പ്രതിഷേധം. പത്ത് കിലോമീറ്റർ ചുറ്റളവിലെ വിവിധ പഞ്ചായത്തുകളിൽ രൂപീകരിച്ച വാട്‌സ്അപ്പ് കട്ടായ്മകളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
പാസുള്ളവരുടെ വാഹനങ്ങൾ ടോൾ പ്ലാസ വലംവയ്ക്കുന്ന പുതുമയുള്ള സമരമായിരുന്നു നടന്നത്. കനത്ത മഴയിലും ഒട്ടേറെ പരിസരവാസികളുടെ വാഹനങ്ങൾ ടോൾ പ്ലാസ വലംവയ്ക്കൽ സമരത്തിൽ പങ്കെടുത്തു. സമരത്തിൽ പങ്കെടുക്കുന്നവരുടെ വാഹനങ്ങൾ ടോൾ ബൂത്തിൽ എത്തിയാൽ വേഗം കുറച്ചും അൽപ്പസമയം നിറുത്തിയിട്ടും ടോൾ ബൂത്തിൽ തിരക്ക് വർദ്ധിപ്പിച്ച് വാഹന തടസം ഉണ്ടാക്കുക എന്നതായിരുന്നു സമരക്കാരുടെ തന്ത്രം.
പുതക്കാട് സർക്കിൾ ഇൻസ്പെക്ടർ എസ്.പി. സുധീരന്റെ നേതൃത്വത്തിൽ കനത്ത പൊലീസ് കാവൽ ടോൾ പ്ലാസയിൽ ഉണ്ടായിരുന്നു. രാവിലെ ആരംഭിച്ച പ്രതിഷേധം വൈകിട്ട് അഞ്ചോടെ സമാപിച്ചു.