ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്നലെ നടന്നത് 217 വിവാഹങ്ങൾ. വിവാഹങ്ങൾക്ക് പുറമേ 863 ചോറൂൺ വഴിപാടും നടന്നു. വിവാഹം, ചോറൂൺ വഴിപാടുകൾക്ക് പുറമേ ക്ഷേത്ര ദർശനത്തിനെത്തിയവരുടെ തിരക്കുകൂടി ആയതോടെ ക്ഷേത്ര നഗരി തിങ്ങി നിറഞ്ഞു. രാവിലെ ആറോടെ ക്ഷേത്ര നഗരിയിലെ പാർക്കിംഗ് ഗ്രൗണ്ട് നിറഞ്ഞു.
ഇതുമൂലം വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ സ്ഥലമില്ലാതായി. രാവിലെ അഞ്ചു മുതൽ ക്ഷേത്ര നഗരിയിലോക്ക് വിവാഹത്തിനുള്ളവരുടെ ഒഴുക്കായിരുന്നു. ക്ഷേത്രനടയിലെ മൂന്ന് കല്യാണ മണ്ഡപങ്ങളിലും താലികെട്ട് നടന്നു. തിരക്കുള്ള ദിവസങ്ങളിലേ മൂന്നു മണ്ഡപങ്ങളും തുറക്കാറുള്ളൂ. രാവിലെ ഒമ്പതിനും പതിനൊന്നിനുമിടയിലായിരുന്നു ഏറെ വിവാഹങ്ങളും. പൂജയ്ക്ക് ക്ഷേത്രനട അടച്ച സമയത്ത് വിവാഹങ്ങൾ നടക്കാത്തതിനാൽ, പിന്നീട് നട തുറക്കുമ്പോഴേയ്ക്കും വിവാഹ സംഘങ്ങൾ മണ്ഡപങ്ങളിലേക്ക് ഇടിച്ചുകയറി. ഇതിനിടയിലൂടെയായിരുന്നു ദർശനത്തിനെത്തിയവരുടെ തിരക്ക്. തിരക്ക് നിയന്ത്രിക്കാൻ ദേവസ്വം സുരക്ഷാ വിഭാഗവും പൊലീസും ഏറെ കഷ്ടപ്പെട്ടു. ക്ഷേത്രത്തിന് ചുറ്റും ഇന്നർ റിംഗ് റോഡിലും ഔട്ടർ റിംഗ് റോഡിലും വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു. കാന നിർമ്മാണത്തിനായി റോഡുകൾ പൊളിച്ചിട്ടതും റോഡിന് വശങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്തതും ഇന്നർ റിംഗ് റോഡിലെ കുരുക്ക് വഷളാക്കി. ഇതോടെ ഇന്നർ റിംഗ് റോഡിന്റെ വശങ്ങളിൽ പാർക്ക് ചെയ്ത വാഹനങ്ങൾക്ക് പൊലീസ് പിഴ ചുമത്തി. ദേവസ്വത്തിന്റെ പാർക്കിംഗ് ഗ്രൗണ്ടുകളിലും നഗരസഭയുടെ പാർക്കിംഗ് ഗ്രൗണ്ടുകളിലും നിർമ്മാണ പ്രവൃത്തി നടക്കുന്നതിനാൽ വേണ്ടത്ര പാർക്കിംഗ് സൗകര്യം ഭക്തർക്ക് ലഭിക്കുന്നില്ല. വേണ്ട സൗകര്യമൊരുക്കാതെ വാഹനങ്ങളിൽ നിന്നും പിഴ ഈടാക്കിയത് ഭക്തരിൽ അമർഷത്തിനും കാരണമായി.