ഗുരുവായൂർ: ക്ഷേത്രത്തിൽ മൂന്നു മാസത്തെ ഇടവേളയ്ക്ക് ശേഷം കൃഷ്ണനാട്ടം കളിവിളക്ക് തെളിഞ്ഞു. ഇന്നലെ രാത്രി ക്ഷേത്രത്തിൽ അത്താഴ പൂജയും വിളക്കെഴുന്നള്ളിപ്പും തൃപ്പുക ചടങ്ങുകളും പൂർത്തിയാക്കി ക്ഷേത്ര ശ്രീലകം അടച്ചതിനു ശേഷമാണ് വടക്കെ നടുമുറ്റത്ത് കൃഷ്ണനാട്ടം അരങ്ങേറിയത്.

കൃഷ്ണന്റെ അവതാര കഥയാണ് ഇന്നലെ അരങ്ങേറിയത്. ഒരു മാസത്തെ അവധിയും രണ്ടു മാസത്തെ കച്ചക്കെട്ടഭ്യാസവും പരിശീലനവും കഴിഞ്ഞാണ് ഇന്നലെ വീണ്ടും കൃഷ്ണനാട്ടം കളി പുനരാരംഭിച്ചത്. എട്ട് തിരിയിട്ട വലിയ കളിവിളക്ക് തെളിച്ച ശേഷമാണ് കളിയാരംഭിച്ചത്. ചരിത്രത്തിലാദ്യമായി ഇന്നലെ രണ്ടിടങ്ങളിലാണ് കൃഷ്ണനാട്ടം കളി അരങ്ങേറിയത്.

സാധാരണയായി മൂന്നു മാസത്തെ ഇടവേളയ്ക്ക് ശേഷം ക്ഷേത്രത്തിലാണ് കളി ആദ്യമായി മടക്കുക പതിവ്. എന്നാൽ ഇത്തവണ ഗുരുവായൂർ ക്ഷേത്രത്തിന് പുറമേ പെരുമ്പാവൂർ കുന്നത്തുശ്ശേരി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലും ഇന്നലെ രാത്രി കളി അരങ്ങേറി. രണ്ടിടങ്ങളിലും കണ്ണന്റെ അവതാരകഥ തന്നെയായിരുന്നു അവതരിപ്പിച്ചത്. ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്നലെ 3000 രൂപയടച്ച് 399 ഭക്തരാണ് അവതാരം കളി ശീട്ടാക്കിയിരുന്നത്.