കാഞ്ഞാണി: പാലാഴി സുഭാഷ് ക്ലബ്ബിന്റെ ഓണ സമ്മാനമായി നിർമ്മിച്ച സ്വപ്നഭവനം എട്ടിന് സമർപ്പിക്കും. ചുള്ളിപറമ്പിൽ രാജീവ് സൗജന്യമായി നൽകിയ 3.5 സെന്റ് സ്ഥലത്ത് 550 ചതുരശ്ര അടിയിലാണ് വീട് നിർമ്മിച്ചത്. അഞ്ചര ലക്ഷം രൂപയാണ് ചെലവ്. ടൈൽസ് വിരിക്കൽ, വൈദ്യുതീകരണം, പൈപ്പ് സ്ഥാപിക്കൽ എന്നീ പ്രവൃത്തികൾ ക്ലബിലെ അംഗങ്ങൾ പ്രതിഫലം പറ്റാതെ ചെയ്തു. രണ്ട് കിടപ്പു മുറി, അടുക്കള, ഹാൾ, ശുചിമുറി ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. കണ്ണംപറമ്പിൽ പരേതനായ സലീഷ് ഭാര്യ പ്രിയയ്ക്ക് നൽകുന്ന വീടിന്റെ താക്കോൽദാനം എട്ടിന് 10ന് മന്ത്രി വി. എസ്. സുനിൽകുമാർ നിർവഹിക്കുമെന്ന് ക്ലബ് രക്ഷാധികാരി പി.ബി. ജോഷി, പ്രസിഡന്റ് വിമൽ മേനോത്ത് പറമ്പിൽ, സെക്രട്ടറി കെ.എം. സിമോഷ് എന്നിവർ പറഞ്ഞു. ഓണക്കിറ്റിന്റെ വിതരണവും ഇതോടൊപ്പം നടക്കും.