മറ്റത്തൂർ: കോടാലി വി.എഫ്.പി.സി.കെ സ്വാശ്രയ കർഷക ചന്തയിൽ പച്ചക്കറി കെട്ടിക്കിടന്ന വിവരം അറിഞ്ഞ മന്ത്രി സി. രവീന്ദ്രനാഥ് പച്ചക്കറിച്ചന്ത സന്ദർശിച്ച് വിഷയത്തിൽ ഇടപെട്ടു. 16 ടണ്ണോളം ഇളവൻ, ഒരു ടൺ വെള്ളരി, 4 ടണ്ണോളം മത്തൻ എന്നിവയാണ് വിൽപ്പനയാകാതെ കെട്ടിക്കിടന്നത്.
വിവരം അറിഞ്ഞ മന്ത്രി വി.എഫ്.പി.സി.കെ ഉദ്യോഗസ്ഥരെ വിളിച്ച് പ്രശ്‌നത്തിന് പരിഹാരം കാണാൻ നിർദ്ദേശം നൽകി. മന്ത്രിയുടെ നിർദ്ദേശം അനുസരിച്ച് ഇളവനും മത്തനും വെള്ളരിയും വിൽപ്പനയ്ക്കായി ഏറ്റെടുക്കാൻ വി.എഫ്.പി.സി.കെ തീരുമാനിച്ചു. പച്ചക്കറികൾ തിങ്കളാഴ്ച തന്നെ കൊണ്ടുപോകാനും ഏർപ്പാടാക്കി.
മറ്റത്തൂർ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ പി.എസ്. പ്രശാന്ത്, കൊടകര ബ്ലോക്ക് എ.ഡി.എ സരസ്വതി, മറ്റത്തൂർ കൃഷി ഓഫീസർ വിനോദ് കുമാർ, എം.ആർ. രഞ്ജിത്, പി.സി. ഉമേഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.