kda-tn-prathapan
സമര പന്തൽ സന്ദർശിച്ച് ജനങ്ങളുടെ പരാതി കേൾക്കുന്ന ടി.എൻ. പ്രതാപൻ എംപി

മറ്റത്തൂർ: പഞ്ചായത്തിലെ മൂന്നുമുറി കുഞ്ഞാലിപ്പാറയിൽ പ്രവർത്തിക്കുന്ന ക്രഷറിന്റെ നിയമലംഘനം അന്വേഷിക്കണമെന്നും പഞ്ചായത്തും സർക്കാരും ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നും കുഞ്ഞാലിപ്പാറ സംരക്ഷണ സമിതിയുടെ സമരപ്പന്തൽ സന്ദർശിച്ച ടി.എൻ. പ്രതാപൻ എം.പി പറഞ്ഞു.

ജനവാസ കേന്ദ്രത്തിൽ ക്രഷർ പ്രവർത്തിക്കുമ്പോൾ സാങ്കേതിവശങ്ങൾ വിദഗ്ദ്ധ സമിതിയെ ചുമതലപ്പെടുത്തി അന്വേഷിക്കാൻ ആവശ്യപ്പെടും. ക്രഷറിന്റെ പ്രവർത്തനം നിറുത്തലാക്കുന്നതിന്റെ കാര്യങ്ങൾ എം.എൽ.എയോടും വകുപ്പ് മന്ത്രിയോടും സംസാരിച്ച് നടപടിയെടുക്കാൻ നിർദേശം നൽകും. വിഷയം പഠിച്ചശേഷം പൂർണമായി ഇടപെടുമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിന്റെയും ഡി.സി.സിയുടെയും എം.പി എന്ന നിലയിലും സമരസമിതിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും സമരത്തിന് പിന്തുണ നൽകിയുമാണ് എം.പി. മടങ്ങിയത്.
ക്വാറിയുടെയും ക്രഷർ യൂണിറ്റിന്റെയും പ്രവർത്തനത്തിൽ പ്രദേശത്തെ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി, കൃഷിയിടങ്ങളും ജലസ്രോതസുകളും മലിനമാക്കൽ, കമ്പനി നടത്തിയ നിയമ ലംഘനം, കുഞ്ഞാലിപ്പാറക്കും കോടശേരി മലയ്ക്കുമുണ്ടായ നാശനഷ്ടം, ഭാവിയിൽ ഉണ്ടാകാൻ സാദ്ധ്യതയുള്ള പ്രകൃതിദുരന്തവും വിവരിക്കുന്ന നിവേദനവും സമരസമിതി എം.പിക്ക് നൽകി.