കൊടുങ്ങല്ലൂർ: ഓണത്തോടനുബന്ധിച്ച് നഗരസഭ പ്രദേശത്ത് വ്യാജമദ്യ-മയക്ക് മരുന്നിനെതിരെ എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ വ്യാപകമായി റെയ്ഡ് നടത്തുമെന്ന് നഗരസഭ ചെയർമാൻ കെ.ആർ ജൈത്രൻ പറഞ്ഞു. ലഹരിക്കെതിരെ സർക്കാർ രൂപീകരിച്ചിട്ടുള്ള നഗരസഭ തല എക്‌സൈസ് കമ്മിറ്റിയിലാണ് ഈ തീരുമാനം. നഗരസഭാ പരിധിയിൽ പല സ്ഥലങ്ങളിലും വ്യാജ മദ്യവും കഞ്ചാവ് വിൽപ്പനയും നടക്കുന്നതായി യോഗത്തിൽ പങ്കെടുത്ത നഗരസഭ കൗൺസിലർമാർ പരാതി ഉയർത്തി. വി.പി തുരുത്ത് പാലത്തിനിടയിലും സമീപ പ്രദേശങ്ങളിലും കഞ്ചാവ് വിൽപ്പന വലിയ തോതിൽ നടക്കുന്നതായി യോഗത്തിൽ ആക്ഷേപമുയർന്നു. കോട്ടപ്പുറം മുസിരിസ് പാർക്കിലും ഈയിടെ കഞ്ചാവ് മാഫിയ രാത്രിയും വൈകിയും തമ്പടിക്കുന്നതായും പരാതിയുണ്ടായി.

ശൃംഗപുരം മുസ്‌രിസ് ബസ് സ്റ്റാൻഡിലും മറ്റും രാത്രിയിൽ മദ്യപിച്ച് ബഹളമുണ്ടാക്കുന്നത് സമീപ പ്രദേശത്തുള്ളവർക്ക് വലിയ ഭീതി ഉളവാക്കുന്നുവെന്നും ആക്ഷേപമുയർന്നു. ഈ സാഹചര്യത്തിൽ നഗരത്തിലുൾപ്പെടെ എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ വ്യാപകമായ പരിശോധനകൾ നടത്തും. കുറ്റവാളികൾക്കെതിരെ നിസാര വകുപ്പ് ചേർത്ത് കേസെടുത്ത് ജാമ്യത്തിൽ വിടുന്നത് അംഗീകരിക്കാനാവില്ലെന്നും കർശന നടപടി സ്വീകരിക്കണമെന്നും ചെയർമാൻ ആവശ്യപ്പെട്ടു. എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ പത്മകുമാറിന്റെ നേതൃത്വത്തിൽ സ്‌ക്വാഡുകൾ പരിശോധനകൾക്ക് നേതൃത്വം നൽകും. നഗരസഭ ചെയർമാൻ കെ.ആർ ജൈത്രൻ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു.