തൃശൂർ: ഭരണം സുഗമമാവാൻ ഇന്ത്യൻ ചരിത്രത്തെ നിർമ്മിച്ചെടുത്തത് കൊളോണിയൽ ചരിത്രകാരന്മാരാണെന്ന് സാമൂഹിക നിരീക്ഷകൻ സുനിൽ പി. ഇളയിടം പറഞ്ഞു. ഫ്രീ തിങ്കേഴ്‌സ് നടത്തിയ എഫ്.ടി മീറ്റ് 2019ൽ ശാസ്ത്രവും പ്രത്യയ ശാസ്ത്രവും എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രാചീന ഇന്ത്യ ഹൈന്ദവമെന്നും മദ്ധ്യകാല ഇന്ത്യ ഇസ്ലാമികമെന്നും പറയുന്നത് ചരിത്രപരമായ തെറ്റാണെന്നും ഇന്ത്യയിൽ പൂർണമായി ഇസ്ലാമികമോ ഹിന്ദു ഭരണമോ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സംവരണമെന്നത് ഇന്ത്യൻ ജനാധിപത്യത്തിന്റെ ആണിക്കല്ലാണെന്നും അത് തകർന്നാൽ ജനാധിപത്യം തകർന്നു വീഴുമെന്നും സാമൂഹിക നിരീക്ഷകൻ സണ്ണി എം. കപിക്കാട് പറഞ്ഞു. ഷാഹിന നഫീസ, ഡോ.സി വിശ്വനാഥൻ, ട്രാൻസ്‌ജെൻഡർ ആക്ടിവിസ്റ്റ് ശ്യാമ എസ് പ്രഭ, എഴുത്തുകാരി സംഗീത ചേനംപുള്ളി, ചിന്തകൻ ഇ.എ ജബ്ബാർ എന്നിവർ പ്രസംഗിച്ചു.