തൃശൂർ: പാൽവില കൂട്ടുന്നത് സംബന്ധിച്ച് തീരുമാനം ആറിന് കൈക്കൊള്ളുമെന്ന് മന്ത്രി കെ. രാജു പറഞ്ഞു. രാമവർമ്മപുരത്ത് മിൽമയുടെ നവീകരിച്ച പ്ലാന്റിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. കർഷകരുടെ താത്പര്യം കൂടി കണക്കിലെടുത്തായിരിക്കും തീരുമാനം. ക്ഷീരകർഷക പെൻഷൻ കുടിശിക ഓണത്തിന് മുമ്പ് കൊടുത്തുതീർക്കും. സബ്‌സിഡി ഇനത്തിലുള്ള തുകയും കൈമാറും. ക്ഷീരകർഷക മേഖലയിൽ കേന്ദ്ര സർക്കാർ യൂറോപ്യൻ യൂണിയനുമായി ഉണ്ടാക്കിയിട്ടുള്ള കരാർ കേരളത്തെ സാരമായി ബാധിക്കുമെന്ന് മന്ത്രി പറഞ്ഞു. മന്ത്രി വി.എസ് സുനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു. മേയർ അജിത വിജയൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, മിൽമ റീജിയണൽ ചെയർമാൻ പി.എ. ബാലൻ എന്നിവർ സംബന്ധിച്ചു.