തൃശൂർ: പൊന്നോണത്തിന്റെ വരവറിയിച്ച് തേക്കിൻകാട്ടിലെ സായാഹ്ന സൗഹൃദ കൂട്ടായ്മ 12ാം തവണയും കൂറ്റൻ അത്തപ്പൂക്കളമൊരുക്കി.
തെക്കെ ഗോപുരനടയിൽ 52 അടി വ്യാസത്തിലൊരുക്കിയ പൂക്കളത്തിന് 1,200 കിലോഗ്രാം പുഷ്പങ്ങൾ വേണ്ടിവന്നു. കല്ല്യാൺ സിൽക്‌സ് എം.ഡി ടി.എസ് പട്ടാഭിരാമൻ ആദ്യ പുഷ്പം അർപ്പിച്ച് പുലർച്ചെ മൂന്നിന് തുടങ്ങിയ പൂവിടൽ പത്തോടെ അവസാനിപ്പിച്ചു. കൂട്ടായ്മയിലെ 150 ഓളം പ്രവർത്തകർ പൂക്കളമൊരുക്കാൻ കൂടി. ചെത്തി, ജമന്തി, അരളി, ജെണ്ടുമല്ലി, റോസ്, കോളാമ്പി തുടങ്ങി വിവിധ ഇനം പൂക്കളും ഇലകളും പൂക്കളത്തിൽ അണിനിരത്തി. ആർട്ടിസ്റ്റ് ആനന്ദനാണ് സ്കെച്ചൊരുക്കിയത്. മന്ത്രി വി.എസ് സുനിൽ കുമാർ ഉദ്ഘാടനം ചെയ്തു. മേയർ അജിത വിജയൻ അദ്ധ്യക്ഷയായി. അഡ്വ. ഷോബി ടി. വർഗ്ഗീസ് സ്വാഗതം പറഞ്ഞു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, ഫാ. ഡോ. ഫ്രാൻസിസ് ആലപ്പാട്ട്, അഡ്വ. ഷോബി ടി. വർഗ്ഗീസ്, ജഗന്നിവാസൻ, ചന്ദ്രൻ, ജോബി കെ. തോമസ്, സണ്ണി ചക്രമാക്കൽ, ഇ.വി ഗോപി തുടങ്ങിയവർ നേതൃത്വം നൽകി.