തൃശൂർ: അത്തം കറുത്ത് മഴയിൽ കുതിർന്നതും വെള്ളപ്പൊക്കം സാമ്പത്തിക പ്രതിസന്ധി ഉയർത്തിയതും പൂ വിപണിയിലും ഓണവിഭവങ്ങളുടെ വിൽപ്പന കേന്ദ്രങ്ങളിലും തിരക്കിനെ ഒട്ടും ബാധിച്ചില്ല. ഏറെ വിറ്റഴിക്കപ്പെടുന്ന ചെണ്ടുമല്ലിക്ക് വില കുറവാണെങ്കിലും ജമന്തിയും റോസിനും പൊള്ളും വിലയാണ്. എല്ലാ പൂക്കളും ചേർത്ത കിറ്റിന് 50 രൂപയാണ് ഈടാക്കുന്നത്. വാങ്ങാനെത്തുന്നവരും കൂടുതലായും കിറ്റാണ് തിരഞ്ഞെടുക്കുന്നത്. ചെണ്ടുമല്ലി 80 രൂപ മുതലും വാടാമല്ലി 100 രൂപ മുതലും ലഭ്യമാണ്. ബംഗളുരു, ഡിണ്ടിഗൽ, ഗുണ്ടൽപേട്ട്, കോയമ്പത്തൂർ എന്നിവിടങ്ങളിൽ നിന്നാണ് ഭൂരിഭാഗവും പൂക്കളെത്തുന്നത്.
വാടാർമല്ലി, അരളി, ചെണ്ടുമല്ലി എന്നിവയാണ് തമിഴ്‌നാട്ടിൽ നിന്ന് കൂടുതലായി എത്തുന്നത്. പാറമേക്കാവ് ക്ഷേത്രത്തിന് എതിർവശത്ത് വടക്കുന്നാഥ ക്ഷേത്രമൈതാനിയിൽ എല്ലാ വർഷവുമുള്ള സ്‌പെഷൽ പൂക്കച്ചവടം നേരം പുലരുമ്പോഴേയ്ക്കും സജീവമാകും. വഴിയോരങ്ങളിലും കവലകളിലും ചെറുകിട പൂക്കച്ചവടക്കാരും ഏറെയാണ്. പരീക്ഷണാടിസ്ഥാനത്തിൽ ജില്ലയിൽ ചിലയിടങ്ങളിലും കൃഷി ചെയ്ത പൂക്കളുടെ വിളവെടുപ്പും തുടങ്ങിയിട്ടുണ്ട്. സാധാരണ സമയങ്ങളിൽ നിസാര വിലയ്ക്ക് വിൽക്കുന്ന മറുനാടൻ പൂ കർഷകരുടെ ചാകരക്കാലമാണ് ഓണക്കാലം.
ചെണ്ടുമല്ലി (മഞ്ഞ, ഓറഞ്ചു കളർ) 80
കോഴിവാലൻ പൂവ് 100
വാടാർമല്ലി 120
ജമന്തി, റോസ് 300
ആസ്ട്ര 300 രൂപ
അരളി 240
എല്ലാ പൂക്കളും ചേർത്ത കിറ്റിന് 50