മാള: പ്രളയത്തിൽ തകർന്ന കോട്ടമുറി-കൊടവത്തുകുന്ന് റോഡും പാലവും പുനർനിർമ്മിക്കുന്നതിന് നടപടികളായി. ഇവിടത്തെ വൈൻതോട് പാലവും അനുബന്ധ റോഡും പുനർനിർമ്മിക്കുന്നതിനുള്ള ടെൻഡർ നടപടികൾക്ക് അംഗീകാരം ലഭിച്ചു. ഇനി കരാർ ഒപ്പുവച്ചാൽ നിർമ്മാണം തുടങ്ങാൻ കഴിയുമെന്ന് വി.ആർ. സുനിൽകുമാർ എം.എൽ.എ അറിയിച്ചു. വീതി കൂട്ടുമ്പോൾ പഴയ പാലത്തിന്റെ അരികിലൂടെ പോകുന്ന പ്രധാന കുടിവെള്ള പൈപ്പ് മാറ്റി സ്ഥാപിക്കുന്നതിന് ജല അതോറിറ്റിക്ക് നിർദേശം നൽകിയിട്ടുണ്ട്. ഈ നടപടികളുടെ ഭാഗമായി ജല അതോറിറ്റി അധികൃതർ സ്ഥലം സന്ദർശിച്ചു.
ചാലക്കുടിപ്പുഴ ഗതി മാറി വൈൻതോടിലൂടെ ഒഴുകിയാണ് ഇവിടത്തെ റോഡ് പൂർണമായി ഒലിച്ചുപോയത്. തോടിന് കുറുകെയുള്ള പാലം ഭാഗികമായി തകർന്നിരുന്നു. കൂടാതെ തോടിന്റെ കരയിലെ രണ്ട് വീടുകൾ പൂർണമായി ഒലിച്ചുപോയിരുന്നു. ഇവിടത്തെ രണ്ട് വീടുകൾ മാള ഹോളി ഗ്രെയ്‌സ് അക്കാഡമിയും സ്വിസ് മലയാളി അസോസിയേഷനും നിർമ്മിച്ച് നൽകിയിരുന്നു. റോഡും പാലവും നിർമ്മിക്കാതിരുന്നത് പ്രതിഷേധത്തിനും ആക്ഷേപങ്ങൾക്കും ഇടയാക്കിയിരുന്നു.