തൃശൂർ: കാർഷിക മേഖലയിൽ സ്റ്റാർട്ട് അപ് സംരംഭങ്ങൾ സജീവമായാൽ സ്‌ഫോടനാത്മകമായ മാറ്റങ്ങൾ ഉണ്ടാവുമെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു. ലോകനാളികേര ദിനാചരണം കാർഷിക സർവകലാശാലയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്പീക്കർ.
കാർഷിക ഉത്പന്നങ്ങളിൽ നിന്ന് മൂല്യവർദ്ധിത വസ്തുക്കൾ സൃഷ്ടിക്കുന്നതിൽ കുറവുണ്ട്. സർവകലാശാലകളുടെ മികവ്, കൃഷി ചെയ്യാനുള്ള താൽപര്യം, കൂട്ടുകൃഷി സംരംഭങ്ങൾ, സാങ്കേതിക വൈദഗ്ദ്ധ്യം എന്നിവ ഒത്തുചേർന്നാൽ കാർഷിക മേഖല വൻകുതിപ്പ് കൈവരിക്കും. ആരും ശ്രദ്ധിക്കാതെ ഉപേക്ഷിച്ചിരുന്ന ചക്കയിൽ നിന്ന് 64 മൂല്യവർദ്ധിത ഉൽപന്നങ്ങൾ ആണ് ഉണ്ടാക്കിയത്. ഇത്തരം ഉൽപന്നങ്ങൾ നാളികേരത്തിൽ നിന്നും ഉണ്ടാക്കാനാകണമെന്നും സ്പീക്കർ പറഞ്ഞു.
കാർഷിക സർവകലാശാല നടപ്പാക്കുന്ന നാളികേര അധിഷ്ഠിത നൈപുണ്യ വികസനവും വിജ്ഞാനവും പദ്ധതിയുടെ ഉദ്ഘാടനവും സ്പീക്കർ നിർവഹിച്ചു. നാളികേരം അധിഷ്ഠിത വ്യവസായങ്ങളുടെ വികസനം ലക്ഷ്യമാക്കിയുളള ഈ പദ്ധതി ഭാരതീയ കാർഷിക ഗവേഷണ കൗൺസിലിന്റെ സാമ്പത്തിക സഹായത്തോടെയാണ് നടപ്പാക്കുന്നത്. രാഷ്ട്രീയ കൃഷി വികാസ് യോജന നാഫ്തർ പരിശീലനം പൂർത്തിയാക്കിയവരുടെ സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
കൃഷി മന്ത്രി അഡ്വ. വി എസ് സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ചീഫ് വിപ്പ് അഡ്വ. കെ രാജൻ നാഫ്താർ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. എൻ.എ.എച്ച്.ഇ.പി ദേശീയ കോ ഓർഡിനേറ്റർ ഡോ. പ്രൊബീർ കുമാർ ഘോഷ് പദ്ധതി വിശദീകരിച്ചു. സർവകലാശാല എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം കെ.വി വിജയദാസ് എം.എൽ.എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഐ.എസ് ഉമാദേവി, പഞ്ചായത്ത് പ്രസിഡന്റ് പി.എസ് വിനയൻ, കാർഷികോൽപ്പാദന കമ്മിഷണർ ഡി.കെ സിംഗ്, സർവകലാശാല എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങളായ ഡോ. എ അനിൽകുമാർ, ഡോ. ടി. പ്രദീപ്കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.