vijeesh
വിജീഷ് മണി

തൃശൂർ: നവംബർ 20 മുതൽ 28വരെ ഗോവയിൽ നടക്കുന്ന രാജ്യാന്തര ചലച്ചിത്രോത്സവത്തിലേയ്ക്ക് ചിത്രങ്ങൾ തിരഞ്ഞെടുക്കുന്ന ജൂറിയിൽ (ഐ.എഫ്.എഫ്.ഐ) മലയാളി സംവിധായകൻ വിജീഷ് മണിയും. ഭാരത സർക്കാരിന്റെ ഇൻഫർമേഷൻ ആൻഡ് ബ്രോഡ് കാസ്റ്റിംഗ് മന്ത്രാലയവും ഗോവ സംസ്ഥാന സർക്കാരും സംയുക്തമായി സംഘടിപ്പിക്കുന്ന ചലച്ചിത്രമേളയുടെ അമ്പതാം പതിപ്പിലാണ് വിജീഷ് മണി ജൂറി അംഗമായത് . ചുരുങ്ങിയ സമയം കൊണ്ട് തിരക്കഥ ഒരുക്കി പ്രദർശനത്തിനെത്തിച്ച ചലച്ചിത്രത്തിനുള്ള ലോക റെക്കാഡ് സ്വന്തമാക്കിയ വിശ്വഗുരു എന്ന ചിത്രത്തിന്റെ സംവിധായകനാണ് വിജീഷ് മണി. അട്ടപ്പാടിയിലെ ആദിവാസി ഭാഷകളിൽ പ്രമുഖമായ ഇരുള ഭാഷയിൽ നിർമ്മിയ്ക്കപ്പെട്ട ആദ്യ സിനിമ എന്ന പേരിൽ ഗിന്നസ് ബുക്കിൽ ഇടം പിടിച്ച നേതാജി എന്ന ചിത്രത്തിന്റെ സംവിധായകനുമാണ്. ഈ രണ്ട് അംഗീകാരങ്ങളുമാണ് വിജീഷ് മണിയ്ക്ക് ഗോവയിൽ നടക്കുന്ന രാജ്യാന്തര ചലച്ചിത്രോത്സവ ജൂറിയിലേയ്ക്ക് അവസരമൊരുക്കിയത്. കർണാടകത്തിൽ നിന്നുള്ള എസ്.എം പാട്ടീൽ, മുംബൈയിൽ നിന്നുള്ള കമലേഷ് മിശ്ര, ആസാമിൽ നിന്നുള്ള മമ നയൻ, ഗുജറാത്തിൽ നിന്നുള്ള ശങ്കർ ദേശായ്, മിസോറാമിൽ നിന്നുള്ള ഡൊമിനിക്, മഹാരാഷ്ട്രയിൽ നിന്നുള്ള രാജ്, ഒറീസയിൽ നിന്നുള്ള പ്രശാന്തനു, നാഗലാൻഡിൽ നിന്നുള്ള അമേൻ ജമീർ എന്നിവരാണ് മറ്റ് ജൂറിയംഗങ്ങൾ. ബാഹുബലിയുടെ സംവിധായകൻ എസ്.എസ് രാജമൗലിയുടെ പിതാവും തിരക്കഥാകൃത്തുമായ കെ.വി. വിജയേന്ദ്ര പ്രസാദ് മലയാളത്തിൽ ആദ്യമായി തിരക്കഥയൊരുക്കുന്ന സിനിമയുടെ സംവിധായകനും കൂടിയാണ് വിജീഷ് മണി.