ചെലവിട്ടത് 6.5 കോടി

തൃശൂർ: തൃശൂർ കോഴിക്കോട് റൂട്ടിൽ ആറരക്കോടി ചെലവിൽ അതിവേഗം നിർമ്മാണം പൂർത്തിയാക്കിയിട്ടും രാഷ്ട്രീയ, ഉദ്യോഗസ്ഥ വടംവലിയിൽ പുഴയ്ക്കൽ പാലം കുരുങ്ങി. ഓണക്കാലമായതോടെ നൂറുകണക്കിന് വാഹനങ്ങളാണ് മുതുവറ മുതൽ പൂങ്കുന്നം വരെ വഴിയിൽ മണിക്കൂറുകളോളം കിടക്കുന്നത്. ഇന്നലെ താത്കാലികമായി പാലം തുറന്നുകൊടുക്കാൻ തീരുമാനിച്ചിരുന്നെങ്കിലും കട്ട വിരിയ്ക്കലും ടാറിംഗും പൂർത്തിയാക്കി ഉദ്ഘാടനം ചെയ്ത ശേഷം മാത്രം വാഹനങ്ങൾ കടത്തിവിട്ടാൽ മതിയെന്നാണ് മന്ത്രിയുടെ നിർദ്ദേശം.

പാലം ചെറിയ വാഹനങ്ങൾക്കായി തുറന്നു കൊടുത്താൽ ഗതാഗതക്കുരുക്ക് പരിഹരിക്കാം. രാവും പകലും പുഴയ്ക്കലിൽ വാഹനങ്ങളുടെ നീണ്ട നിര കാണാം. ആംബുലൻസ് അടക്കമുളള അത്യാവശ്യ വാഹനങ്ങൾക്ക് പോലും എളുപ്പത്തിൽ കുരുക്ക് മറികടക്കാനാവില്ല. ഇന്നലെ മുതൽ മുണ്ടൂരിൽ നിന്ന് കൊട്ടേക്കാട്, കുറ്റൂർ വഴി പൂങ്കുന്നം വഴിയിലൂടെയാണ് ചെറിയ വാഹനങ്ങൾ കടത്തി വിടുന്നത്. കുരുക്ക് മറികടക്കാൻ പത്ത് കിലോമീറ്ററിലധികം വളഞ്ഞ് യാത്ര ചെയ്യണം. യാത്രാക്‌ളേശം പരിഹരിക്കാനാണ് പാലം പണിതത്. എട്ട് മാസം കൊണ്ട് പാലം പണി പൂർത്തിയായി. എന്നാൽ അപ്രോച്ച് റോഡിന്റെ പണി മുഴുവനായില്ല. മഴ കനത്തതോടെ പണിയും വൈകി.

രാപകൽ ഉപവാസം നടത്തിയ യു.ഡി.എഫിന്റെ ആവശ്യം സെപ്തംബർ രണ്ടിന് മുമ്പ് പാലം തുറക്കണമെന്നായിരുന്നു. പാലം തുറന്നു കൊടുക്കാതിരിക്കുന്നത് പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥരുടെ പിടിപ്പുകേടാണെന്ന് കോൺഗ്രസും ആരോപിച്ചിരുന്നു.

വാഹനങ്ങൾ പാലത്തിലൂടെ കടത്തി വിടാൻ നിലവിൽ തടസമില്ലെന്നാണ് കോൺഗ്രസ് പറയുന്നത്.

വൈകിച്ചത് ഇക്കാരങ്ങൾ


ഉദ്യോഗസ്ഥരുടെ അനാസ്ഥ

ഗുണഫലം ആർക്ക് കിട്ടുമെന്ന സി.പി.എം കോൺഗ്രസ് തർക്കം

യു.ഡി.എഫ് സമരം

കൂനിൽ കുരുവായി പണിമുടക്കും

മിന്നൽ ബസ് പണിമുടക്ക് കൂടിയായതോടെ തൃശൂർ, കുന്നംകുളം, ഗുരുവായൂർ റൂട്ടിലേക്കുള്ള യാത്രക്കാർ നട്ടം തിരിഞ്ഞു. കർണ്ണാടക അടക്കമുള്ള അന്യസംസ്ഥാനങ്ങളിലേക്കുള്ള ദീർഘദൂരബസുകളും ലോറികളും ട്രെയിലറുകളും കടന്നുപോകുന്ന സംസ്ഥാനപാതയാണിത്.

..................

''സി.പി.എമ്മും പൊതുമരാമത്ത് മന്ത്രിയും ഉദ്യോഗസ്ഥരും പ്രതികാരം തീർക്കുകയാണ്. കട്ട വിരിയ്ക്കുന്നതിനും മറ്റും ഇരുപത് ദിവസമെങ്കിലും വേണ്ടി വരും. റോഡിൽ കട്ട വിരിയ്ക്കാൻ പതിനഞ്ച് സെ. മീറ്റർ കനത്തിൽ മെറ്റൽ മാറ്റണം. അങ്ങനെയെങ്കിൽ ഒക്ടോബറിൽ മാത്രമേ ഉദ്ഘാടനം നടക്കൂ. മന്ത്രിയെ നേരിട്ട് വീണ്ടും കാണാനാണ് ശ്രമം.''

അനിൽ അക്കര എം.എൽ.എ...