ചാലക്കുടി: മലയോര കർഷകരുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് പട്ടയ വ്യവസ്ഥകൾ പുനഃപരിശോധിക്കുമെന്ന് വനംവകുപ്പ് മന്ത്രി അഡ്വ. കെ. രാജു. ചാലക്കുടിയിൽ നടന്ന ജില്ലാതല വനം അദാലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മലയോര കർഷകരും ആദിവാസികളും ജീവിതത്തിൽ രൂക്ഷമായ പ്രതിസന്ധി നേരിടുന്നുണ്ട്. ഇതിനെല്ലാം പരിഹാരം കാണുന്നതിന് സംസ്ഥാന സർക്കാർ ശ്രമിക്കുകയാണ്. എന്നാൽ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ ഇവ സാദ്ധ്യമാകില്ലെന്നും മന്ത്രി പറഞ്ഞു.
വനത്തിനുള്ളിൽ താമസിക്കുന്ന ആദിവാസികളെ അവർക്ക് ആഗ്രഹമുണ്ടെങ്കിൽ വനാതിർത്തിയിലോ അല്ലെങ്കിൽ മറ്റിടങ്ങളിലോ പുനരധിവസിപ്പിക്കുന്നതിന് സർക്കാർ ആലോചിക്കുന്നു. ഈ ദൗത്യത്തിൽ ഒരു കുടുംബത്തിന് 20 ലക്ഷം രൂപ ചെലവും വരും. ഇതിനുള്ള ഫണ്ട് കണ്ടെത്താൻ കേന്ദ്ര വനം വകുപ്പ് മന്ത്രിയെ നേരിൽ കണ്ട് നിവേദനം നൽകിയിട്ടുണ്ട്. സംസ്ഥാന നാലാമത്തെ വനം അദാലത്തായ ചാലക്കുടിയിലേതിൽ 250 പതാതികളാണ് ലഭിച്ചത് - മന്ത്രി രാജു തുടർന്നു പറഞ്ഞു.
യോഗത്തിൽ ബി.ഡി. ദേവസി എം.എൽ.എ അദ്ധ്യക്ഷനായി. നഗരസഭാ ചെയർപേഴ്‌സൺ ജയന്തി പ്രവീൺകുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ഷീജു, വൈസ് ചെയർമാൻ വിൽസൺ പാണാട്ടുപറമ്പിൽ, പഞ്ചായത്ത് പ്രസിഡന്റുമാരായ ജെനീഷ് പി. ജോസ്, ഉഷ ശശിധരൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. വിജു വാഴക്കാല, ഡി.എഫ്.ഒമാരായ എൻ. മായ, എസ്.വി. വിനോദ് തുടങ്ങിയവർ പ്രസംഗിച്ചു.