തൃശൂർ: നഗരത്തിലെ റോഡുകളിലെ കുഴിയടയ്ക്കുന്നതിന് അടിയന്തര പ്രാധാന്യത്തോടെ നടപടി സ്വീകരിക്കണമെന്ന് കോർപറേഷനോട് കളക്ടറുടെ ഉത്തരവ്. മഴ മാറി നിൽക്കുകയാണെങ്കിൽ ഈ ദിവസങ്ങളിൽ പ്രവൃത്തികൾ പൂർത്തിയാക്കണമെന്നും ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച നിർദ്ദേശം ഇന്ന് ചേരുന്ന ജില്ലാ റോഡ് സേഫ്റ്റി അതോറിറ്റി യോഗം പരിഗണിക്കും.

നഗരത്തിലെയും അനുബന്ധ റൂട്ടുകളിലെയും ഗതാഗതക്കുരുക്ക് പരിഹരിക്കാൻ സത്വര നടപടി സ്വീകരിക്കുമെന്ന് കളക്ടർ എസ്. ഷാനവാസ് അറിയിച്ചു. ഓണക്കാലത്തെ തിരക്ക് കൂടി പരിഗണിച്ച് ഗതാഗത പരിഷ്‌കാരം നടപ്പിൽ വരുത്തും. തൃശൂർ -കുന്നംകുളം -ഗുരുവായൂർ, തൃശൂർ മുല്ലശേരി - കാഞ്ഞാണി റൂട്ടുകളിൽ ഏതാനും ബസ് തൊഴിലാളി സംഘടനകൾ മിന്നൽ പണിമുടക്ക് നടത്തിയതിനെത്തുടർന്ന് വിളിച്ചു ചേർത്ത യോഗത്തിലാണ് കളക്ടർ ഇക്കാര്യങ്ങൾ അറിയിച്ചത്.

മിന്നൽ പണിമുടക്കങ്ങൾ ഒഴിവാക്കണമെന്നും കളക്ടർ പറഞ്ഞു. യോഗത്തിൽ തൊഴിലാളി യൂണിയൻ നേതാക്കളും പങ്കെടുത്തു. ഇതിനിടെ നഗരത്തിൽ അഴിയാക്കുരുക്കിൽ യാത്രക്കാർ വലയുന്നു. ഓണമടുത്തതോടെ ഒരോ ദിവസം ചെല്ലുംതോറും കുരുക്ക് വർദ്ധിക്കുകയാണ്. ഇന്നലെ വൈകീട്ട് ജൂബിലി മിഷൻ റോഡ്, കെ.എസ്.ആർ.ടി.സി എന്നിവിടങ്ങളിലാണ് കുരുക്ക് കൂടുതൽ.

ജൂബിലി മിഷൻ റോഡിൽ കുട്ടനെല്ലൂർ റോഡ് വരെ പലപ്പോഴും വാഹനങ്ങളുടെ നീണ്ട നിര അനുഭവപ്പെടുന്നുണ്ട്. പലപ്പോഴും സ്വകാര്യ ബസ് ജീവനക്കാരാണ് ഗതാഗതം നിയന്ത്രിക്കുന്നത്. ഇത് കൂടുതൽ കുരുക്കിന് ഇടയാക്കുന്നുണ്ട്. ചെറിയ വാഹനങ്ങളുടെ ഇടയിലേക്ക് ബസുകൾ തള്ളി കയറ്റി വരുന്നതും പ്രശ്‌നം സൃഷ്ടിക്കുന്നുണ്ട്.